താന്‍ വായിച്ച ചെമ്പോലയില്‍ ആചാരപരമായ കാര്യങ്ങളുണ്ടായിരുന്നില്ല: രാഘവ വാര്യര്‍
കോഴിക്കോട്: താന്‍ വായിച്ച ചെമ്പോലയില്‍ ആചാരപരമായ കാര്യങ്ങളുണ്ടായിരുന്നില്ലെന്ന് ചരിത്രകാരന്‍ എം.ആര്‍. രാഘവ വാര്യര്‍. ശബരിമല ചെമ്പോലയുമായി ബന്ധപ്പെട്ട വിവാദത്തില്‍ രാഘവ വാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് കോഴിക്കോട്ടെ വീട്ടിലെത്തിയാണ് രേഖപ്പെടുത്തിയത്.
‘ശബരിമലയില്‍ വെടിക്കുഴികളുണ്ട്, അവിടെ വെടിവഴിപാട് നടത്തണം, പുള്ളുവന്‍ പാട്ടും കണിയാന്‍ പാട്ടും പാടണം എന്നിവയാണ് ചെമ്പോലയില്‍ പറയുന്നത്. ഈ മൂന്നെണ്ണത്തെ കുറിച്ചാണ് അതില്‍ പറയുന്നത്. വൈദിക-താന്ത്രിക ആചാര വിധികളെ കുറിച്ച് രേഖയില്‍ പറയുന്നില്ല.
17-18 നൂറ്റാണ്ടിലാണ് എഴുതിയിരിക്കുന്നതെന്നാണ് ഓര്‍മ്മ. അത് തെറ്റിക്കൂടായ്കയില്ല. മോന്‍സണിന്റെ വീട്ടിലായിരിക്കണം ഈ രേഖ വായിച്ചത്. കൂട്ടിക്കൊണ്ട് പോയത് മറ്റൊരാളാണ്. എനിക്കാ വഴി അറിയില്ല. തൃശൂരില്‍ നിന്ന് കിട്ടിയ രേഖകളെ കുറിച്ച് അറിയില്ല. വ്യാജമാണോയെന്ന് പരിശോധിക്കേണ്ടത് അന്വേഷണ സംഘമാണ്. താന്‍ പറയുന്നത് താന്‍ കണ്ട രേഖയെ കുറിച്ചാണ്’- ഇങ്ങനെയായിരുന്നു രാഘവ വാര്യര്‍ പറഞ്ഞത്.
ശബരിമല വിവാദ കാലത്ത് ചെമ്പോല മോണ്‍സന്റെ വീട്ടിലെത്തി വായിക്കുകയും വിശ്വസിക്കാവുന്ന രേഖയെന്ന് പറയുകയും ചെയ്ത ആളാണ് രാഘവ വാര്യര്‍. മോന്‍സണിന്റെ വീട്ടില്‍ നിന്ന് കിട്ടിയ ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചെമ്പോല വ്യാജമാണോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യക്ക് ക്രൈംബ്രാഞ്ച് കത്തയച്ചിരുന്നു.