ശിവശങ്കറിന് പിറകെ ബിനീഷ് കോടിയേരിയും, വല്ലാത്ത കാലക്കേട്, ശനിയൻ കലിതുള്ളുകയാണ്.

തിരുവനന്തപുരം/ ശിവശങ്കറിന്റെ അറസ്റ്റ് ഉണ്ടാക്കിയ ആഘാതത്തിൽ സി പി എം മുങ്ങിത്തപ്പുമ്പോഴാണ് ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചപോലെ ബംഗളുരുവിൽ നിന്നും ആ ഞെട്ടിക്കുന്ന വാർത്ത എത്തുന്നത്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണ ന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കുന്നു. വെറും ഒരു സാധാരണ കേസിനല്ല അറസ്റ്റ്. ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ ഇഡി കസ്‌റ്റഡിയിലെടുത്തതും മണിക്കൂറുകൾക്കുള്ളിൽ അറസ്‌റ്റ് രേഖപ്പെടുത്തുന്നതും. വല്ലാത്ത വിധി തന്നെയാണ് സി പി എമ്മിന് ഉണ്ടായിരിക്കുന്നത്. ശനിയൻ കലി തുള്ളുകയാണെന്നാണ് ജ്യോതിഷന്മാരുടെ വാക്കുകൾ കടമെടുത്താൽ പറയാനാവുക. വല്ലാത്ത കാലക്കേടാണ് പാർട്ടിക്കുണ്ടായിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ഐ എ എസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറിനെ കേരളത്തിൽ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു തൂക്കിയെടുത്ത് ഉള്ളിലിട്ടു ചോദ്യം ചെയ്യുകയാണ്. ഒന്നുമറിയില്ലെന്ന് തുടക്കത്തിൽ പറഞ്ഞിരുന്ന ശിവശങ്കർ ഇപ്പോൾ ഇടപാടുകൾ ഒക്കെ അറിയുന്ന കഥാനായകനായി ഓരോ ദിവസം കഴിയും തോറും മാറുകയാണ്. ഇതിനിടെയാണ് സി പി എമ്മിനെ തീർത്തും പ്രതിരോധത്തിലാക്കി കൊണ്ട് ബിനീഷ് കോടിയേരിയുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
എന്ത് പറയും ഇനി ജനങ്ങളോട്. എന്ത് പറഞ്ഞാൽ അവർ വിശ്വ സിക്കും. മുഖ്യന്ത്രിയുടെ ഓഫീസിൽ വരെ നീളുന്ന കള്ളക്കടത്ത് ബന്ധത്തിന് പിറകെ, സി പി എം സംസ്ഥാന സെക്രട്ടറിയുടെ മകൻ മയക്ക് മരുന്ന് ലോബിക്ക് സാമ്പത്തിക സഹായം ചെയ്തു വന്നിരുന്നതായി പറയുമ്പോൾ ബിനീഷും മയക്ക് മരുന്ന് സംഘത്തിന്റെ കണ്ണിയാണന്നല്ലേ ജനം കരുതൂ. അങ്ങനെ കരുതുന്നത് ശരിയാണെന്നു കൂടി ഇ ഡി തന്നെ തെളിയിച്ചാൽ തലയിൽ മാത്രമല്ല ദേഹമാസകലം മുണ്ടിട്ടു നടക്കേണ്ട സ്ഥിതിയല്ലേ പാർട്ടി സെക്രട്ടറിക്ക് പോലും ഉണ്ടാകുന്നത്. ശിവശങ്കറിന്റെ അറസ്റ്റ് കൊണ്ടൊന്നും പാർട്ടിക്കും, സർക്കാരിനും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് പറയാൻ എം വി ഗോവിന്ദൻ മാസ്റ്ററെ ആണ് പാർട്ടി കളത്തിലി റക്കിയത്. ബിനീഷിന്റെ അറസ്റ്റിൽ പാർട്ടി വിശദീകരിക്കേണ്ടന്നു പറയാൻ ഡൽഹിയിൽ യച്ചൂരി തന്നെ രംഗത്ത് വരുകയായിരുന്നു.
ഈ വിശദീകരങ്ങൾ ജനങ്ങൾ വിശ്വസിക്കുമെന്നു കരുതുന്നത് പമ്പര വിഡ്ഢിത്തമാണെന്നു സി പി എം ഇനി എന്നാണ് പഠിക്കുക.
എൽ ഡി എഫ് സർക്കാരിന്റെ ഭരണത്തിനിടെ എന്നും വിവാദ നായകനായിരുന്നു ബിനീഷ് കോടിയേരി. വിവാദങ്ങൾ ഉയരുമ്പോൾ മക്കൾ പാർട്ടി അംഗങ്ങളല്ലെന്നും മക്കൾ ചെയ്യുന്ന പ്രവർത്തികൾക്ക് മാതാപിതാക്കൾ ഉത്തരവാദികളല്ലെന്നുമുള്ള പതിവു ന്യായീകരണമാണ് ഉണ്ടാകാറുള്ളത്. അതേസമയം, ഇത്തവണ അത്തരം ന്യായീകരണങ്ങൾ ഒന്നും തന്നെ പാർട്ടിക്കോ സർക്കാരിനോ ഒരുതരത്തിലും സഹായകരമാവില്ലെന്നു മാത്രമല്ല, സംരക്ഷണ കവചവും ആവില്ല. സി പി എമ്മിൽ ഒരു ചുമതലയുമില്ലെന്നു പറയുമ്പോഴും,പാർട്ടി സമ്മേളനങ്ങളിൽ ബിനീഷ് പതിവ് മുഖമാണ്. ഇപ്പോഴാകട്ടെ പല സിനിമകളിലും അഭിനയിച്ച പിറകെ, ഗൾഫ് കേന്ദ്രീകരിച്ചുളള പല പ്രവാസി വ്യവസായികളുമായി അടുത്ത ബന്ധത്തിലാണെന്നതും പകൽ വെളിച്ചത്തിൽ കാണുന്ന ജനത്തിനറിയാം.
സ്വർണക്കടത്തുകേസിൽ സ്വപ്ന അറസ്റ്റിലായ ജൂലായ് 10 ന് ബിനീഷ് കോടിയേരി തന്നെ വിളിച്ചുവെന്നാണ് മയക്കുമരുന്ന് കേസിലെ മുഖ്യ പ്രതി അനൂപ് മുഹമ്മദിന്റെ മൊഴി നൽകിയിരിക്കുന്നത്. അനൂപുമായി ബന്ധമുണ്ടെന്നും ഹോട്ടൽ തുടങ്ങാൻ പണം വാങ്ങിയിരുന്നുവെന്നും ബിനീഷും സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ ചോദ്യം ചെയ്യലിൽ, അനൂപ് മുഹമ്മദിന് പണം നൽകിയവരിൽ ഭൂരിഭാഗവും ബിനീഷ് കോടിയേരിയുമായി ബന്ധമുള്ളവരാണെന്ന വിവരം പുറത്തുവരും മുൻപ് തന്നെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ബംഗളൂരു ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ടുള്ള പണമിടപാടുകളെപ്പറ്റി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നത്. അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി ബിനീഷിലേക്ക് തിരിയുകയായിരുന്നു പിന്നെ. കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ മകന്റെ പേരിലുളള പല ക്രിമിനൽ കേസു കളും പിൻവലിച്ചതായി നേരത്തെ ആക്ഷേപമുയർ ന്നിരുന്നതാണ്. അത് കൊണ്ട് തന്നെ ഇക്കാര്യത്തിൽ മുടന്തൻ ന്യായങ്ങൾ പറഞ്ഞു കോടിയേരിക്കും ജനത്തിന്റെ കണ്ണിൽ പൊടിയിടാനാവില്ല. പൊടിയി ട്ടാൽ തന്നെ ജനം വിശ്വസിക്കില്ല. സ്വർണ്ണക്കടത്ത് വിവാദത്തിൽ ആരോപ ണങ്ങളുടെ ശരമുനകളേറ്റു എന്ത് ചെയ്യണ മെന്ന് സർക്കാരും, എന്താണ് ഇനി ഉപദേശിക്കേണ്ടതെന്നു ഉപദേശികളും തല പുകഞ്ഞാലോചിക്കുകയാണ്.