മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷ് കോടിയേരി ബംഗളൂരുവിലേക്ക് തിരിച്ചു

തിരുവനന്തപുരം: ബംഗളൂരു ആസ്ഥാനമായി നടന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടുളള എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷ് കോടിയേരി ബംഗളൂരുവിലേക്ക് തിരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നായിരുന്നു യാത്ര. ചൊവ്വാഴ്ചയാണ് ചോദ്യം ചെയ്യല്‍.
സഹോദരന്‍ ബിനോയ് കോടിയേരിക്കും രണ്ട് സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ബിനീഷ് ബംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ബിനീഷിനോട് മാദ്ധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ബംഗളൂരു ആസ്ഥാനമായി നടന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടുളള ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷിന് നേരത്തെ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദിനെ നേരത്തെ ചോദ്യം ചെയ്തതിരുന്നു. ഇയാളില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനേയും നാളെ ചോദ്യം ചെയ്യുന്നത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍, അനിഖ എന്നിവരെ ജിയിലിലെത്തിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യലില്‍ അനൂപില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വിളിച്ച് വരുത്തുന്നത്.