ലഹരി മരുന്ന് കേസ്: ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

ബംഗലൂരു ലഹരിമരുന്ന് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ലഹരിമരുന്ന് ഇടപാടു കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായുള്ള പണമിടപാടിനെക്കുറിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവരങ്ങൾ തേടുന്നത്.
ബെംഗളൂരു ശാന്തി നഗറിലെ ഇഡി ഓഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടീസ്. ബിനീഷ് ഇന്നലെ ഉച്ചയോടെ ബംഗളൂരു എത്തിയിരുന്നു.കന്നഡ സീരിയൽ നടി ഡി. അനിഖയ്ക്കും തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനുമൊപ്പം നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്ത അനൂപ്, ബിനീഷ് കോടിയേരിയുടെ സാമ്ബത്തിക സഹായത്തോടെയാണ് കമ്മനഹള്ളിയിൽ ഹോട്ടൽ നടത്തിയതെന്ന് മൊഴി നൽകിയിരുന്നു.
ഹോട്ടൽ നടത്തിപ്പിന് തുക കൈമാറിയതായി ബിനീഷും സമ്മതിച്ചിട്ടുണ്ട്. ഹോട്ടലിന്റെ മറവിൽ നടന്ന ലഹരി ഇടപാടുകൾ ബിനീഷിന്റെ അറിവോടെയായിരുന്നോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ലഹരിമരുന്ന് കേസിലെ ഹവാല പണമിടപാട് കണ്ടെത്തുന്നതിനായി കഴിഞ്ഞയാഴ്ചയാണ് ഇഡി കേസെടുത്തത്.