മയക്ക് മരുന്ന് മാഫിയ കേസിൽ ബിനീഷ് കോടിയേരിയെയും ചോദ്യം ചെയ്യും.

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ അടുത്ത സുഹൃത്തും, ബിസിനസ് പങ്കാളിയുമായി എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപ് ഉൾപ്പെട്ട മയക്ക് മരുന്ന് മാഫിയ കേസിൽ ബിനീഷ് കോടിയേരിയെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. ബിനീഷ് കോടിയേരിക്ക് പുറമെ ഗോവ സ്വദേശി എഫ് മുഹമ്മദ്, അനൂപുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു മലയാള നടൻ, സിനിമ രാഷ്ട്രീയ മേഖലയുമായി ബന്ധപ്പെട്ട മറ്റ് 4 പേർ എന്നിവരിൽ ഗോവ സ്വദേശി എഫ് മുഹമ്മദിനെ ബുധനാഴ്ച നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരിക്കുകയാണ്. കേസുമായി ബന്ധപെട്ടു അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നു ബെംഗളുരു ജോയിന്റ് പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ പറയുന്നു.

സീരിയല്‍ നടി അനിഖയാണ് കേസിലെ ഒന്നാം പ്രതി. അനൂപ് മുഹമ്മദ് രണ്ടാം പ്രതിയാണ്. മയക്കുമരുന്ന് എത്തിച്ചു വിതരണം ചെയ്യുന്നതിൽ മുഖ്യ പങ്കു വഹിച്ചത് അനൂപ് മുഹമ്മദ് ആണ്. കർണാടകക്ക് പുറമെ കേരളം തമിഴ്നാട് സംസ്ഥാനങ്ങളിലും ഈ ലോബി മയക്കുമരുന്ന് വിതരണം നടത്തിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരിലേക്കുള്ള അന്വേഷണം പൊലീസ് ഇപ്പോൾ വ്യാപിപ്പിക്കുന്നത്. അനൂപ് മുഹമ്മദിന്റെ ഫേസ് ബുക്ക് പേജിൽ നിന്നും വിവരങ്ങൾ മുഴുവൻ കണ്ടെടുത്തതോടെയാണ് അന്വേഷണ സംഘത്തിന് കൂടുതൽ കണ്ണികളെ കണ്ടെത്താനായത്. അനൂപും ബിനീഷ് കൊടിയേരിയുമായുള്ള ഫോട്ടോ പുറത്തു വന്നതോടെ യൂത്ത് ലീഗ് പ്രസിഡന്റ് ആരോപണവുമായി രംഗത്ത് വന്നിരുന്നു. ഇതിനു മറുപടി പറയാൻ ശ്രമിച്ച ബിനീഷ് അനൂപുമായുള്ള ബന്ധത്തെ പറ്റിയും, സാമ്പത്തിക ഇടപാടിനെപ്പറ്റിയും സ്വയം വെളിപ്പെടുത്തി കുടുങ്ങുകയായിരുന്നു. ഇതോടെയാണ് ബിനീഷുമായുള്ള ബന്ധത്തിന്റെ കൂടുതൽ ഉള്ളറകൾ അനൂപിൽ നിന്ന് അന്വേഷണ സംഘം തേടുന്നത്.

ബംഗളുരുവിൽ മലയാളികൾ ഉൾപ്പെട്ട മയക്കുമരുന്ന് കേസിന്‍റെ അന്വേഷണം കൂടുതൽ പേരിലേക്ക് നീങ്ങുകയാണ്. കന്നഡ ചലച്ചിത്ര മേഖലയിലെ കൂടുതൽ പേരെ നർകോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയും ബംഗളുരു സെൻട്രൽ ക്രൈംബ്രാഞ്ചും ചോദ്യം ചെയ്തു തുടങ്ങി. കന്നഡ നടി രാഗിണി ദ്വിവേദിയെയും, ഭർത്താവിനേയും വ്യാഴാച സിസിബി ചോദ്യം ചെയ്യുന്നുണ്ട്. നടി രാഗിണി ദ്വിവേദിയെ കൂടാതെ കന്നട സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 12 ഓളം പേര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇതിനകം നോട്ടീസ് നല്‍കിക്കഴിഞ്ഞു. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൌരിലങ്കേഷിന്‍റെ സഹോദരനും ചലച്ചിത്ര സംവിധായകനുമായ ഇന്ദ്രജിത്ത് ലങ്കേഷ് നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തിനു പിറകെയാണ് വൻ മയക്കുമരുന്ന് മാഫിയയെ പറ്റി പൊലീസിന് വിവരങ്ങൾ ലഭിക്കുന്നത്. ഇന്ദ്രജിത്ത് ലങ്കേഷിന്‍റെ മൊഴി വീണ്ടും നർകോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ രേഖപെടുത്താനിരിക്കുകയാണ്.
കന്നട സിനിമാ മേഖല മയക്ക്മരുന്ന് സംഘത്തിന്റെ പിടിയിലാണെന്ന് കൊല്ലപ്പെട്ട ഗൗരിലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ് ആരോപിച്ചിരുന്നു. പന്ത്രണ്ടോളം കന്നട സിനിമാ നടന്‍മാര്‍ മയക്ക് മരുന്ന് സംഘവുമായി സഹകരിച്ചു വന്നിരുന്നതായും, ഇവര്‍, സിനിമാ മേഖലയില്‍ നിരോധിക്കപ്പെട്ട ഗഞ്ച, ഹാഷിഷ്, ചരസ്, കൊക്കെയിന്‍ ഉൾപ്പടെയുള്ള മയക്ക് മരുന്നുകളുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണെന്നുമാണ് ലങ്കേഷ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
കന്നട സിനിമ നിര്‍മാതാവ് കൂടിയായ ഇന്ദ്രജിത് ലങ്കേഷ് പുറത്തു വിട്ട വിവരങ്ങളിൽ,കന്നട സിനിമാ മേഖലയിലെ ഉന്നതരെ ലക്ഷ്യം വെക്കുന്നുണ്ട്. ടെലിവിഷന്‍ അഭിനേത്രി ഡി അനിഖയെ മയക്ക്മരുന്ന് കേസില്‍ പിടിച്ചതോടെയാണ് ഇന്ദ്രജിത് ലങ്കേഷ് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളുമായി രംഗത്ത് വരുന്നത്. കന്നട സിനിമാ നടന്‍മാരെ കുറിച്ച് ഇന്ദ്രജിത്ത് നല്‍കിയ വിവരങ്ങള്‍ വെച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന്
പറഞ്ഞ ബെംഗളുരു ജോയിന്റ് പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും
സൂചന നൽകിയിട്ടുണ്ട്. നൈറ്റ് പാര്‍ട്ടിയില്‍ കന്നട നടിമാര്‍ മയക്ക് മരുന്ന് ഉപയോഗിച്ച് സ്ഥലകാല ബോധമില്ലാതെ നൃത്തംവെക്കുന്നതിന്റെ ഫോട്ടോസും വീഡിയോസും ഇന്ദ്രജിത്ത് ലങ്കേഷ് പോലീസിന് കൈമാറിയിട്ടുണ്ട്. ചെന്നൈ, കൊച്ചി, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലെ ചില റിസോർട്ടുകളിലും, ഹോട്ടലുകളിലും മയക്ക് മരുന്ന് മാഫിയ ഇത്തരത്തിൽ നൈറ്റ് പാര്‍ട്ടികൾ നടത്തി വരുകയായിരുന്നു.
മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ് ഉള്‍പ്പെടുന്ന സംഘം കൊച്ചി ആസ്ഥാനമായുള്ള മലയാള സിനിമയിലെ യുവതാരങ്ങള്‍ക്ക് വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതായി അന്വേഷണ സംഘം പറയുന്നുണ്ട്. മയക്കുമരുന്ന് വിതരണം ലക്‌ഷ്യം വെച്ച് കൊച്ചി, ഫോര്‍ട്ട് കൊച്ചി, കോട്ടയം, കുമരകം എന്നിവിടങ്ങളില്‍ നൈറ്റ് പാര്‍ട്ടികൾ സംഘടിപ്പിക്കുകയും ചെയ്തു വന്നിരുന്നു. ഇത്തരത്തില്‍ കുമരകത്ത് സംഘടിപ്പിച്ച നൈറ്റ്പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരി പങ്കെടുത്തിട്ടുണ്ട്. കൊച്ചി ആസ്ഥാനമായി മലയാള സിനിമയില്‍ ഒരു ഗ്യാങ് തന്നെ ഈ മാഫിയയിൽ പെട്ടിരുന്നു. സംവിധായകരും നടന്‍മാരും നടിമാരും സാങ്കേതിക പ്രവര്‍ത്തകരും ആയ, ചെറുപ്പക്കാരടങ്ങുന്ന സംഘത്തിൽ, അനൂപുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഒരു നടനും ഉണ്ട്. കര്‍ണാടക നര്‍ക്കോട്ടിക് വിഭാഗമാണ് മലയാള സിനിമ താരങ്ങള്‍ക്ക് വന്‍തോതില്‍ മയക്കുമരുന്ന് ബംഗളൂരുവില്‍ നിന്ന് എത്തിച്ചിരുന്നതായി കണ്ടെത്തിയിരിക്കുന്നത്. പ്രതികളില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് മലയാള സിനിമ രംഗത്തെ ചില യുവതാരങ്ങളെ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുക്കാനുള്ള സാധ്യത കാണുന്നുണ്ട്. ബംഗളൂരുവില്‍ അനൂപ് മുഹമ്മദ് രണ്ടിലധികം റസ്റ്റോറന്‍ഡറുകള്‍ നടത്തിയിരുന്നു. ഇത് മയക്കുമരുന്ന് കച്ചവടത്തിന് മറയായി ഉപയോഗിച്ച് വരുകയായിരുന്നു. മയക്കുമരുന്ന് ആവശ്യമുള്ളവരാണ് ഇവിടെ സ്ഥിരം സന്ദർശകരായിരുന്നത്. ഈ ഹോട്ടലുകള്‍ നൈറ്റ്പാര്‍ട്ടികള്‍ സ്ഥിരമായി നടത്തിവന്നിരുന്നു. ഗോവയില്‍ നിന്നും അനൂപ് മയക്കുമരുന്ന് വാങ്ങിയിരുന്നു. ഇത് ഇരട്ടിയിലധികം രൂപയ്ക്ക് ബംഗളൂരുവിലും കേരളത്തിലും വിൽപ്പന നടത്തി വരുകയായിരുന്നു.