ബിനീഷ് കോടിയേരി ചോദ്യമുനയില്‍ 12 മണിക്കൂർ, വീണ്ടും ചോദ്യം ചെയ്യും.

സ്വർണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായി. 12 മണിക്കൂർ സമയമാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ബെംഗളൂരു ലഹരിമരുന്ന് മാഫിയയിലെ പ്രതികൾ സ്വർണക്കടത്തിന് സഹായിച്ചിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ ഉണ്ടായത്. സ്വപ്ന സുരേഷിനു കമ്മിഷൻ ലഭിച്ച സ്ഥാപനങ്ങളിൽ ബിനീഷിനുള്ള പങ്കും ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെപ്പറ്റിയുമാണ് ഇഡി ചോദിച്ചത്. ബെംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെയാണ് എൻഫോഴ്സ്മെന്റ് ബിനീഷിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. തുടർന്ന് രാവിലെ ഒൻപതരയോടെ ബിനീഷ് കൊച്ചി എൻഫോഴ്സ്മെന്റ് ഓഫിസിലെത്തുകയായിരുന്നു. സ്വപ്ന സുരേഷടക്കമുള്ള പ്രതികളുടെ റിമാൻഡ് നീട്ടാൻ ഇഡി കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നതിന്റെ സൂചന എൻഫോഴ്സ്മെന്റ് നൽകിയത്. ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾ സ്വർണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചു എന്നതുമായി ബന്ധപ്പെട്ട മൊഴികൾ നർക്കോട്ടിക് വിഭാഗത്തിന് ലഭിച്ചിരുന്നു.
കേസിൽ ഇഡി ഒരു ഉന്നത വ്യക്തിയെ ചോദ്യം ചെയ്യുകയാണെന്നും, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 20 പേരെ കൂടി ചോദ്യം ചെയ്യേണ്ടതു ണ്ടെന്നും ഇ ഡി കോടതിയിൽ പറയുമ്പോൾ ബിനീഷിനെ ഇ ഡി ചോദ്യം ചെയ്യുകയായിരുന്നു. ബെംഗളൂരു ലഹരിമരുന്ന് കേസില്‍ പ്രധാന പ്രതി അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയുമായുള്ള അടുത്ത ബന്ധം പുറത്തുവന്ന സാഹചര്യത്തിൽ സ്വർണക്കടത്തും ലഹരിമരുന്ന് കേസുമായുള്ള ബന്ധമാണ് ബിനീഷിൽനിന്നു പ്രധാനമായും ചോദിച്ചത്. അതിനൊപ്പം യുഎഇ കോൺസുലേറ്റിലെ വീസ സ്റ്റാംപിങ്ങിനുള്ള കരാർ ലഭിച്ച യുഎഎഫ്എക്സ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിൽ നിന്ന് സ്വപ്നയ്ക്ക് 70 ലക്ഷം രൂപ കമ്മിഷൻ ലഭിച്ചിരുന്നു. 2015ൽ തുടങ്ങിയ ശേഷം പ്രവർത്തനം നിലച്ച 2 കമ്പനികളിലെ ബിനീഷിന്റെ പങ്കാളിത്തവും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.