നാളെ മുതല്‍ ഇന്ത്യയില്‍ ഒരു രാജ്യം ഒരു ഓംബുഡ്‌സ്മാന്‍
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു ഓംബുഡ്‌സ്മാന്‍ പദ്ധതി നാളെ മുതല്‍. റിസര്‍വ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ സ്‌കീം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (നവംബര്‍ 12ന്) രാജ്യത്തിന് സമര്‍പ്പിക്കും. ആര്‍ബിഐ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരായ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് ഇത്.
ഉപഭോക്താക്കള്‍ക്ക് അവരുടെ പരാതികള്‍ രേഖപ്പെടുത്താന്‍ ഒരു പോര്‍ട്ടലും ഒരു ഇമെയിലും ഒരു വിലാസവുമായിരിക്കും ഇനി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ നൂതന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി രാവിലെ 11ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.
ഉപഭോക്താക്കള്‍ക്ക് അവരുടെ പരാതികള്‍ സമര്‍പ്പിക്കാനും രേഖകള്‍ സമര്‍പ്പിക്കാനും അവയുടെ സ്റ്റാറ്റസ് അറിയുന്നതിനും ഫീഡ്ബാക്ക് നല്‍കാനും ഒറ്റ പോയിന്റ് ഓഫ് റഫറന്‍സ് എന്നതാണ് ഈ സ്‌കീമിന്റെ പ്രധാന ലക്ഷ്യം. ഒരു ബഹുഭാഷാ ടോള്‍ ഫ്രീ നമ്പര്‍ പരാതികള്‍ പരിഹരിക്കുന്നതിനും പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള സഹായത്തിനുമുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും നല്‍കും.
ധനമന്ത്രിയും ആര്‍ബിഐ ഗവര്‍ണറും ചടങ്ങില്‍ പങ്കെടുക്കും. ആര്‍ബിഐ നിയന്ത്രണത്തിലുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെയും ഉപഭോക്താക്കള്‍ക്ക് ഇനി ഈ സംവിധാനം വഴി എളുപ്പത്തില്‍ പരാതി നല്‍കാനാവും.