കൊടകര കുഴല്‍പ്പണം: പ്രതികള്‍ക്കായി ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് ബി.ജെ.പി
തൃശൂര്‍: കൊടകര കുഴല്‍പണ കവര്‍ച്ച കേസിലെ ബി.ജെ.പി ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കുഴല്‍പ്പണം കൊണ്ടുവന്നവര്‍ക്ക് ഹോട്ടല്‍ മുറി ബുക്ക് ചെയ്തതും പണമടച്ചതും ബി.ജെ.പി തൃശൂര്‍ ജില്ലാ ഓഫിസില്‍ നിന്നാണെന്ന് കണ്ടെത്തല്‍. ഹോട്ടല്‍ രേഖകളും സി.സി.ടിവി ദൃശ്യങ്ങളും കണ്ടെടുത്ത അന്വേഷണ സംഘം ജീവനക്കാരന്‍റെ മൊഴി രേഖപ്പെടുത്തി.
ബി.ജെ.പി ജില്ലാ ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ ഇവര്‍ക്ക് മുറി നല്‍കിയത്. രണ്ടു മുറികളാണ് (റൂം നമ്ബര്‍ 215, 216) നല്‍കിയിട്ടുള്ളത്. മുമ്ബും ബി.ജെ.പി ഓഫീസില്‍ നിന്ന് മുറികള്‍ ആവശ്യമുണ്ടെങ്കില്‍ ഇതേ ഹോട്ടലിലേക്ക് വിളിച്ചു പറയാറുണ്ട്. മുറികള്‍ ഒഴിച്ചിടാറുമുണ്ടെന്നാണ് ഹോട്ടല്‍ ജീവനക്കാരന്‍ പറയുന്നത്. ഇത്തവണയും ബി.ജെ.പി ഓഫീസില്‍ നിന്ന് വിളിച്ചു പറഞ്ഞിട്ടാണ് മുറി നല്‍കിയതെന്നും ഹോട്ടല്‍ ജീവനക്കാരന്‍ വ്യക്തമാക്കി.
മൂന്നുപേര്‍ വരുമെന്നാണ് അറിയിച്ചിരുന്നത്. രാത്രി 10 മണിയോടെ എത്തിയവര്‍ രാവിലെ തിരിച്ചുപോയി. ക്രെഡിറ്റ് സംവിധാനത്തിലാണ് പണം നല്‍കുന്നത്. ഓരോ ബില്ലുകള്‍ എത്തിക്കുന്നതിന് അനുസരിച്ച് അവര്‍ തുക നല്‍കാറാണ് പതിവെന്നും ജീവനക്കാരന്‍ മീഡിയവണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
കുഴല്‍പണ കവര്‍ച്ച കേസില്‍ ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷറര്‍ കെ.ജി. കര്‍ത്തയെ ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്‍ററില്‍വെച്ച് ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ധര്‍മരാജുമായി കെ.ജി. കര്‍ത്ത നിരവധി തവണ ഫോണില്‍ സംസാരിച്ചതിന്റെയും കവര്‍ച്ച നടന്ന ദിവസം ഇരുവരും ഫോണില്‍ ബന്ധപ്പെട്ടതിന്റെയും തെളിവുകള്‍ പൊലീസിന് ലഭിച്ചു.
നേരത്തേ അറിയിച്ചിട്ടും വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബി.ജെ.പി സംഘടന സെക്രട്ടറി ഗണേശന്, ഓഫിസ് സെക്രട്ടറി ഗിരീഷ് എന്നിവരോട് വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ല നേതാക്കളായ കെ.ആര്. ഹരി, സുജയ് സേനന് എന്നിവരെയും മധ്യമേഖല സെക്രട്ടറി ജി. കാശിനാഥനെയും ചോദ്യം ചെയ്തപ്പോള്‍ ധര്മരാജുമായും സുനില്‍ നായിക്കുമായും ബന്ധമില്ലെന്നും സംഭവമുണ്ടായ ശേഷം വിളിച്ചപ്പോഴാണ് നേരില്‍ കാണുന്നതെന്നുമാണ് ഇവര്‍ മൊഴി നല്‍കിയത്.