ബി.ജെ.പി മുനിസിപ്പല്‍ കൗണ്‍സിലറെ തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തി
ശ്രീനഗര്‍: കശ്മീരില്‍ ബി ജെ പി നേതാവിനെ ഭീകരര്‍ വെടിവച്ചുകൊന്നു. പുല്‍വാമ ജില്ലയിലെ ട്രാല്‍ പ്രദേശത്ത് ബുധനാഴ്ച (ജൂണ്‍ -2) വൈകിട്ടോടെയാണ് സംഭവം നടന്നത്. വെടിവെയ്പ്പില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലറും ബി ജെ പി ട്രാല്‍ ജില്ലാ യൂണിറ്റ് സെക്രട്ടറിയുമായ രാകേഷ് പണ്ഡിതയ്ക്ക് നേരെ അജ്ഞാതരായ തീവ്രവാദികള്‍ വെടിയുതിര്‍ത്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സുഹൃത്തായ മുഷ്താഖ് അഹമ്മദിന്റെ വീട്ടില്‍ വച്ചാണ് രാകേഷിന് വെടിയേറ്റത്. ആക്രമത്തില്‍ അഹമ്മദിന്റെ മകള്‍ ആസിഫയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസിഫയുടെ സ്ഥിതി ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാകേഷിന്റെ സുരക്ഷയ്ക്കായി രണ്ട് പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ആക്രമണ സമയത്ത് ഇവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ല. സംഭവത്തിന് പിന്നാലെ സുരക്ഷാ സേന പ്രദേശം വളഞ്ഞു.
കൊലപാകതത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഭീകരരുടെ ലക്ഷ്യം നടക്കാന്‍ പോകുന്നില്ലെന്നും ജമ്മു കശ്മീര്‍ ലഫ്റ്റണന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. അതേസമയം ബി ജെ പി നേതാവിന്റെ മരണത്തില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനുശോചനം രേഖപ്പെടുത്തി. ‘രാകേഷ് പണ്ഡിറ്റിനെ തീവ്രവാദികള്‍ വെടിവച്ചു കൊന്നതായി കേട്ടപ്പോള്‍ ഞെട്ടിപ്പോയി. വിവേകശൂന്യമായ ഈ അക്രമപ്രവര്‍ത്തനങ്ങള്‍ ജമ്മു കശ്മീരിന് ദുരിതം മാത്രമേ വരുത്തിയിട്ടുള്ളൂ. കുടുംബത്തിന് എന്റെ അനുശോചനം, അദ്ദേഹത്തിന്റെ ആത്മാവ് നിത്യശാന്തി നേരുന്നതായും’ മെഹബൂബ ട്വീറ്റ് ചെയ്തു.