സര്‍ക്കാര്‍ ജനങ്ങളെ കളിയാക്കുന്നു; വി ഡി സതീശന്‍
തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി കടയില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം. പുതുക്കിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധ പ്രകടനം ഉണ്ടായപ്പോള്‍ അത് തിരുത്താന്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുമെന്നിരിക്കയാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ നിയന്ത്രണം കൂടുതല്‍ വ്യക്തമാക്കി ആവര്‍ത്തിക്കുകയായിരുന്നു.
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ജനങ്ങളുടെ രക്ഷയ്ക്കാണ്. അതിനാല്‍ നിയന്ത്രണം മറികടക്കുമ്പോള്‍ തടയാനുള്ള ബാദ്ധ്യത പൊലീസിന് ഉണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇതിനെതിരയാണ് പ്രതിപക്ഷം രംഗത്ത് വരുന്നത്.
കേരള സര്‍ക്കാര്‍ പെറ്റി സര്‍ക്കാര്‍ ആണെന്നും സര്‍ക്കാര്‍ ജനങ്ങളെ കളിയാക്കുകയാണെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചത്. സംസ്ഥാനത്ത് ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ അമ്പത് ശതമാനത്തിലും താഴെയാണ്.
ബാക്കിയുള്ള 57.86ശതമാനം പേര്‍ക്കും കടയില്‍ പോകണമെങ്കതില്‍ അഞ്ഞൂറ് രൂപ കൊടുത്ത് ആര്‍ ടി പി സി ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് എടുക്കണം. ഇതെന്തുതരം നിയന്ത്രണമാണെന്നാണ് അദ്ദേഹം സര്‍ക്കാരിനോട് ചോദിക്കുന്നത്. അതേസമയം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.