ബിജെപിക്ക് വൻ തിരിച്ചടി; പത്രിക തളളിയതിന് എതിരായ ഹർജിയിൽ ഇടപെടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ, തലശേരി, ദേവികുളം മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തളളിയ സംഭവത്തിൽ ഇടപെടില്ലെന്ന് ഹൈക്കോടതി. പരാതിയുണ്ടെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷമേ കോടതിയെ സമീപിക്കാനാകൂ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം അംഗീകരിച്ച കോടതി വിജ്ഞാപനം വന്ന ശേഷം കോടതിയ്‌ക്ക് ഇടപെടാനാകില്ലെന്നും വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങി കഴിഞ്ഞാൽ കോടതികൾക്ക് ഇടപെടാനാവില്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ്, പത്രിക തളളിയതിന് എതിരായ ഹർജികൾ ഹൈക്കോടതി തളലിയത്. ഇതോടെ ഈ മൂന്ന് മണ്ഡലങ്ങളിലും എൻ ഡി എയ്‌ക്ക് സ്ഥാനാർത്ഥികളില്ലാതെയായി.
നാമനിർദേശ പത്രിക സ്വീകരിക്കുന്നതിൽ വരണാധികാരിയുടെ തീരുമാനം അന്തിമമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചു. പല മണ്ഡലങ്ങളിലും പത്രികയിലെ പിഴവ് തിരുത്താൻ വരണാധികാരികൾ അനുവദിച്ചിട്ടുണ്ടെന്ന് എൻ ഡി എ സ്ഥാനാർത്ഥികളുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. യാന്ത്രികമായാണ് വരണാധികാരി പ്രവർത്തിച്ചത്. പിഴവ് തിരുത്താൻ അവസരം നൽകേണ്ടതാണെന്നും അവർ ആവശ്യപ്പെട്ടു.
പിറവത്തും കൊണ്ടോട്ടിയിലും സ്ഥാനാർത്ഥികൾക്ക് പിഴവ് തിരുത്താൻ റിട്ടേണിംഗ് ഓഫീസർമാർ സമയം അനുവദിച്ചിരുന്നു എന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ നിറംനോക്കി റിട്ടേണിംഗ് ഓഫീസർമാർ തീരുമാനമെടുക്കുകയാണെന്നും ഹർജിക്കാർ ആരോപിച്ചു.
തലശേരിയിലെ ബി ജെ പി സ്ഥാനാർത്ഥി എൻ ഹരിദാസ്, ഗുരുവായൂരിലെ ബി ജെ പി സ്ഥാനാർത്ഥി അഡ്വ നിവേദിത സുബ്രഹ്മണ്യൻ, ദേവികുളത്തെ എ ഐ എ ഡി എം കെ സ്ഥാനാർത്ഥി ആർ എം ധനലക്ഷ്‌മി എന്നിവരുടെ പത്രികകളാണ് തളളിയത്. തലശേരിയിലെ പത്രികയോടൊപ്പം നൽകിയ ഫോറം എയിൽ ബി ജെ പി ദേശീയ അദ്ധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലും ഗുരുവായൂരിൽ നൽകിയ ഫോറത്തിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലുമാണ് പത്രികകൾ തളളിയത്.