
കൊൽക്കത്ത; തനിക്ക് കൊവിഡ് ബാധിച്ചാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവിന് കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപിയുടെ പുതിയ ദേശീയ സെക്രട്ടറി അനുപം ഹസ്രക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹസ്രയെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അസ്വസ്ഥത അനുഭവപ്പെട്ടെന്നും തുടർന്ന് കൊറോണ വൈറസ് പരിശോധന നടത്തുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
പശ്ചിമ ബംഗാളിലെ ബോൽപൂരിൽ നിന്നുള്ള മുൻ തൃണമൂൽ എംപിയാണ് അനുപം ഹസ്ര. 2019 ജനുവരിയിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. തനിക്ക് കൊവിഡ് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ താൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്തേക്ക് പോയി അവരെ കെട്ടിപ്പിടിക്കും. അപ്പോൾ, രോഗം ബാധിച്ചവരുടെയും ഉറ്റവരെ നഷ്ടപ്പെട്ടവരുടെയും വേദന അവർക്ക് മനസ്സിലാകുമെന്നുമായിരുന്നു അനുപമിന്റെ പ്രസ്താവന.