കൊടകര കുഴല്‍പണ കേസ്; ബി ജെ പി നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല
കൊടകര കുഴല്‍പണ കേസില്‍ ചോദ്യം ചെയ്യലിന് ബിജെപി നേതാക്കള്‍ ഹാജരായില്ല. ഹാജരാകാന്‍ കഴിയില്ലെന്ന വിവരം ഇവര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. ചോദ്യം ചെയ്യലിന് വേണ്ടി മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു. രണ്ട് ദിവസത്തെ സാവകാശം വേണമെന്നും തിരുവനന്തപുരത്ത് നിന്ന് ചോദ്യം ചെയ്യലിനായി എത്താന്‍ അസൗകര്യം ഉണ്ടെന്നുമാണ് നേതാക്കള്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.
കൊടകരയില്‍ വ്യാജ വാഹനാപകടം സൃഷ്ടിച്ച് കാറില്‍ നിന്ന് മൂന്നരക്കോടി കവര്‍ന്ന സംഭവത്തില്‍ ബിജെപി സംസ്ഥാന നേതാക്കളോട് ഞായറാഴ്ച ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്ക് നോടിസ് നല്‍കിയിരുന്നു. ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രടറി എം ഗണേശനും സംസ്ഥാന കമിറ്റി ഓഫിസ് സെക്രടറിക്കും ആണ് ഞായറാഴ്ച ഹാജരാകാന്‍ അന്വേഷണ സംഘം നോടിസ് നല്‍കിയത്.
ബി ജെ പിയുടെ ജില്ലാ ജനറല്‍ സെക്രടറി കെആര്‍ ഹരി, ജില്ലാ ട്രഷറര്‍ സുജയ് സേനന്‍, പാര്‍ടി മധ്യമേഖലാ സെക്രടറി ജി കാശിനാഥന്‍ എന്നിവരെ നേരത്തെ പ്രത്യേകസംഘം വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതാക്കള്‍ക്ക് നോടിസ് അയച്ചത്.