കേരളം ആരു ഭരിക്കണമെന്ന് ബി.ജെ.പി തീരുമാനിക്കും; ഇത്തവണ തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ ഉണ്ടാകുമെന്ന ഉറപ്പുമായി ഇ.ശ്രീധരൻ

തിരുവനന്തപുരം: കേരളത്തിലെ പ്രധാന ശക്തിയായി ബി.ജെ.പി മാറിയെന്ന് ബി.ജെ.പി സ്ഥാർത്ഥി മെട്രോമാൻ ഇ.ശ്രീധരൻ. ബി.ജെ.പി 40 സീറ്റുകളിൽ വിജയം നേടുമെന്നാണ് അദ്ദേഹം പറയുന്നത്. ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കേരളത്തിൽ ബി.ജെ.പി മികച്ച വിജയം നേടുമെന്ന് പറഞ്ഞത്.
ബി.ജെ.പി ഏറ്റവും ചുരുങ്ങിയത് 40 സീറ്റെങ്കിലും സ്വന്തമാക്കും. അത് 75 വരെയെത്താമെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു. ബി.ജെ.പി അധികാരമേറുകയോ ചുരുങ്ങിയ പക്ഷം കിംഗ് മേക്കറുടെ റോൾ ഏറ്റെടുക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
‘അധികാരം പിടിക്കാൻ ബി.ജെ.പിക്ക് ഇത്തവണ ലഭിച്ച മികച്ച അവസരമാണിത്. അതില്ലെങ്കിൽ കിംഗ്‌മേക്കറെങ്കിലും ആകും. കേരളം ആരു ഭരിക്കണമെന്ന് ബി.ജെ.പി തീരുമാനിക്കും. അത്രക്ക് വലിയതോതിലുള്ള ഒഴുക്കാണ് ബി.ജെ.പിയിലേക്ക് ഇപ്പോഴുള്ളത്. പാർട്ടി പ്രതിഛായ തീർത്തും വ്യത്യസ്തമാണിപ്പോൾ. ഞാൻ പാർട്ടിക്കൊപ്പം ചേർന്നതോടെ പ്രത്യേകിച്ചും. പ്രശസ്തിയും കഴിവും പെരുമയും ഉള്ള എന്നെ പോലെ ഒരാളെ ലഭിച്ചതോടെ ആളുകൾ ബി.ജെ.പിയിൽ കൂട്ടമായി ചേരുകയാണ്’. ശ്രീധരൻ പറഞ്ഞു.
പാലക്കാട് മണ്ഡലത്തിൽ നിന്നാണ് ഇ. ശ്രീധരൻ ഇത്തവണ ജനവിധി തേടുന്നത്. ഷാഫി പറമ്ബിലാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരരംഗത്തുള്ളത്. സി. പി. പ്രമോദാണ് സി.പി.എം സ്ഥാനാർത്ഥി. 2016 ൽ പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.