BJP ഓഫീസിന് തീയിട്ടു, CRPF വാഹനം കത്തിച്ചു ; സംസ്ഥാന പദവി പൂർണമായി വേണമെന്ന് ആവശ്യം, ലഡാക്കിൽ വൻ ജനകീയ പ്രതിഷേധം
പൊലീസിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാർ, പൊലീസ് വാൻ അഗ്നിക്കിരയാക്കി

ദില്ലി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ വൻ ജനകീയ പ്രതിഷേധം. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. ജനം പൊലീസുമായി ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. പ്രതിഷേധ പ്രകടനത്തിന് ‘ജെൻ സീ’യും രംഗത്തെത്തി. ആറാം ഷെഡ്യൂൾ പ്രകാരം പ്രത്യേക പദവിയും ലഡാക്കിന് സംസ്ഥാന പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ ലേയിൽ സ്ഥിതിഗതികൾ സംഘർഷഭരിതമായി. ഇതിനിടെ നിരാഹാര സമരം നടത്തുകയായിരുന്ന സമര നേതാവ് സോനം വാങ്ചുക് സംഘർഷത്തെ തുടർന്ന് ഈ സമരത്തിൽ നിന്ന് പിന്മാറി. പൊലീസിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാർ, പൊലീസ് വാൻ അഗ്നിക്കിരയാക്കി. സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ 15 ദിവസമായി പ്രതിഷേധം നടന്നുവരുകയിരുന്നു.
കേന്ദ്ര സർക്കാരും ഭരണകൂടവും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് പ്രതിഷേധക്കാർ അറിയിച്ചു. ലഡാക്കിന് പൂർണ സംസ്ഥാന പദവി നൽകണമെന്ന കാലാവസ്ഥാ പ്രവർത്തക സോനം വാങ്ചുക്കിന്റെ ആവശ്യത്തെ പിന്തുണച്ചുകൊണ്ടാണ് ലേയിൽ ഇന്ന് പുതുതലമുറയുടെ പ്രതിഷേധ പ്രകടനം നടന്നത്.
സംസ്ഥാനത്ത് നേരത്തെ ആരംഭിച്ച സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ആദ്യമായാണ് ഈ നിലയിൽ അക്രമാസക്തമാകുന്നത്. നിരാഹാര സമരവുമായി മുന്നോട്ട് പോയ പ്രതിഷേധക്കാർ, പണിമുടക്കിനും ആഹ്വാനം ചെയ്ത ശേഷമാണ് അക്രമാസക്തമായ സമരത്തിലേക്ക് കടന്നത്. ഇന്ന് ലേ നഗരത്തിലെ ബിജെപി ഓഫീസ് പ്രതിഷേധക്കാർ ആക്രമിച്ചു. ഓഫീസിന് തീവെച്ച സമരക്കാർ പൊലീസിനെതിരെയും ആക്രമണം നടത്തിയതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ലാത്തിച്ചാർജും നടത്തി.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് 2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീർ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ജമ്മു കശ്മീർ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറി, അതേസമയം ലേയും കാർഗിലും സംയോജിപ്പിച്ച് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി. ലഡാക്കിന്റെ ഈ പ്രദേശത്തിനാണ് ഇപ്പോൾ പൂർണ്ണ സംസ്ഥാന പദവി വേണമെന്ന ആവശ്യവുമായി പ്രതിഷേധങ്ങൾ നടത്തുന്നത്.
BJP office set on fire, CRPF vehicle burned; demand for full statehood, massive public protest in Ladakh