ഉപരാഷ്ട്രപതി സ്ഥാനാർത്ഥി നിർണയം; ബിജെപി പാർലമെന്ററി ബോർഡ് യോഗം ഞായറാഴ്ച
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ബിജെപി പാർലമെന്ററി ബോർഡ് യോഗം ഞായറാഴ്ച ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ചേരും. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിലവിലെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ജൂലൈ 21ന് രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉൾപ്പെടെ പാർലമെന്ററി ബോർഡ് അംഗങ്ങൾ പങ്കെടുക്കും. യോഗത്തിന് ശേഷം സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിക്കാനാണ് സാധ്യത. ബിജെപിയിലെ തന്നെ ഒരു പ്രമുഖ നേതാവിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചേക്കുമെന്നാണ് സൂചന.
യോഗത്തിനിടെ പ്രധാനമന്ത്രി ചന്ദ്രബാബു നായിഡുവിനും നിതീഷ് കുമാറിനുമൊപ്പമുള്ള രാഷ്ട്രീയ ചർച്ചകൾ നടത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്ഥാനാർത്ഥിയുടെ നാമനിർദേശപത്രിക സമർപ്പിക്കാനായി എല്ലാ എൻഡിഎ മുഖ്യമന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും വ്യാഴാഴ്ച ഡൽഹിയിലെത്താൻ ബിജെപി നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ഇൻഡ്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചയ്ക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിങ്കളാഴ്ച നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.
അപ്രതീക്ഷിതമായിരുന്ന ധൻകറിന്റെ രാജി, അന്നേദിവസം രാവിലെയോടെ രാജ്യസഭ പ്രവർത്തനങ്ങൾ നിയന്ത്രിച്ചും പുതുതായി തെരഞ്ഞെടുത്ത അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തും പ്രവർത്തിച്ച ശേഷം വൈകുന്നേരം രാജി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു.
Tag: BJP Parliamentary Board meeting to decide on Vice Presidential candidate on Sunday