ടോമിൻ ജെ. തച്ചങ്കരിക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് സുനിൽ തോമസ് പിന്മാറി.

കേരളത്തിലെ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള എ ഡി ജി പി ടോമിൻ ജെ. തച്ചങ്കരിക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ
ഹർജികളിൽ വാദം കേൾക്കുന്നതിൽ നിന്ന് ഹൈക്കോടതിയിലെ ജസ്റ്റിസ് സുനിൽ തോമസ് പിന്മാറി. അനധികൃത സ്വത്ത് സമ്പാദന കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടോമിൻ തച്ചങ്കരി നൽകിയ ഹരജി ആയിരുന്നു ജസ്റ്റിസ് സുനിൽ തോമസ് പരിഗണിച്ചിരുന്നത്. ഈ ഹരജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ടോമിൻ ജെ.തച്ചങ്കരി കഴിഞ്ഞ ദിവസം ഒരു ഉപ ഹർജി നൽകിയിരുന്നതാണ്. സുപ്രീം കോടതി അഭിഭാഷകന് കേസ് വാദിക്കാൻ വീഡിയോ കോൺഫറൻസിങ് വഴി കേസ് പരിഗണിക്കുന്ന ബെഞ്ചിലേക്ക് മാറ്റണമെന്നായിരുന്നു തച്ചങ്കരിയുടെ ആവശ്യപ്പെട്ടിരുന്നത്. ഈ ഉപഹർജി വെള്ളിയാഴ്ച പരിഗണിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ ഹരജികളും കേൾക്കുന്നതിൽ നിന്ന് പിന്മാറുന്നതായി ജസ്റ്റിസ് സുനിൽ തോമസ് അറിയിക്കുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ നിന്ന് ഒഴിവാക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം നേരത്തെ കോട്ടയം വിജിലൻസ് കോടതി തള്ളിയിരുന്നതാണ്. ഈ ഉത്തരവിനെതിരെ ആണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.