പത്രിക തള്ളിയതിനെതിരെ നിയമ നടപടി തുടരും: ബിജെപി സ്ഥാനാര്‍ഥികള്‍

നാമനിര്‍ദേശ പത്രിക തള്ളിയ സംഭവത്തില്‍ ഇടപെടാനാകില്ലെന്ന ഹൈക്കോടതി നിലപാടിനെതിരെ മേല്‍കോടതിയെ സമീപിക്കുമെന്ന് തലശേരിയിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എന്‍ ഹരിദാസ്. കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമാണെന്നും ഹരിദാസ് പറഞ്ഞു. ബിജെപിക്ക് സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ വോട്ട് ആര്‍ക്ക് ചെയ്യണമെന്നത് നേതാക്കള്‍ തീരുമാനിക്കും. ആരെയെങ്കിലും പിന്തുണക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ല. എല്‍ഡിഎഫിനെയും യുഡിഎഫിനെയും പിന്തുണക്കില്ലെന്നും എന്‍ ഹരിദാസ് പറഞ്ഞു.
നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി ആയി പത്രിക നല്‍കിയിരുന്ന അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍ വ്യക്തമാക്കി. തന്‍റെ ഭാഗത്ത് ശരി ഉണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക പിഴവ് പരിഹരിക്കാന്‍ അവസരം തന്നില്ലെന്നും നിവേദിത സുബ്രഹ്മണ്യന്‍ പറഞ്ഞു. ദേവികുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ധനലക്ഷ്മിയും ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. അണ്ണാഡിഎംകെ സ്ഥാനാര്‍ഥിയാണ് ധനലക്ഷ്മി.
നാമനിര്‍ദേശ പത്രിക തള്ളിയ കേസില്‍ ഇടപെടാനാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.തലശ്ശേരിയില്‍ എന്‍ ഹരിദാസിന്‍റെയും ദേവികുളത്ത് ആര്‍ എം ധനലക്ഷ്മിയുടെയും ഗുരുവായൂരില്‍ സി നിവേദിതയുടെയും പത്രികകളാണ് തള്ളിയത്. നാമനിര്‍ദേശ പത്രികയില്‍ സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും അത് തിരുത്താന്‍ അവസരം തന്നില്ലെന്നുമാണ് ഹരജിക്കാര്‍ കോടതിയെ അറിയിച്ചത്.
സൂക്ഷ്മപരിശോധനാ സമയത്ത് റിട്ടേണിങ് ഓഫീസര്‍ക്ക് ഇക്കാര്യം അറിയിക്കാമായിരുന്നു. കൊണ്ടോട്ടി, പിറവം മണ്ഡലങ്ങളില്‍ ഇത്തരം അവസരം സ്ഥാനാര്‍ഥികള്‍ക്ക് നല്‍കി. സംസ്ഥാനത്ത് ഇരട്ട നീതിയാണെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഹൈക്കോടതി ഈ ഹരജികളില്‍ ഇടപെടരുതെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചത്. ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ കോടതിക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനാവൂ. വിജ്ഞാപനം വന്ന ശേഷം കോടതി ഇടപെടുന്നത് നീതിയുക്തമായ തെരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിക്കുകയുണ്ടായി. ഇന്നലെ ഞായറാഴ്ചയായിട്ടും കോടതി ഹരജി പരിഗണനക്ക് എടുത്തു. പത്രിക തള്ളിയ സംഭവത്തില്‍ ഇടപെടാനാകില്ലെന്നാണ് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയത്