പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നു ബിജെപി; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് കെപിസിസി
പാലക്കാട് നിയമസഭാ സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമുണ്ടായാലും ബിജെപി സംസ്ഥാന നേതൃത്വം അതിന് അനുകൂലമല്ലെന്ന് വ്യക്തമാക്കി. തദ്ദേശ–നിയമസഭാ തിരഞ്ഞെടുപ്പുകൾക്കിടയിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ഗുണകരമല്ലെന്നും, തെരഞ്ഞെടുപ്പ് ലക്ഷ്യം തെറ്റിപ്പോകുമെന്നും ബിജെപിയുടെ നിലപാട്. കോൺഗ്രസ് നേതൃത്വം നിയമോപദേശം തേടുന്നതിനിടെ ബിജെപി അഭിപ്രായം പുറത്തുവന്നു.
അതേസമയം, കെപിസിസി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ടു. പാർട്ടിയുടെ നിലപാട് എഐസിസിയെ അറിയിച്ചുകഴിഞ്ഞു. ഹൈക്കമാൻഡും ഉടൻ രാജി ആവശ്യപ്പെടും എന്നും, നിയമസഭാംഗത്വം ഒഴിയണമെന്ന് നിർദേശിക്കുമെന്നും സൂചനയുണ്ട്.
രാഹുൽ രാജിവെച്ചാൽ എതിരാളികളെ നേരിടാൻ കോൺഗ്രസിന് നേട്ടമാകും എന്നതാണ് വിഡി സതീശനും അദ്ദേഹത്തെ പിന്തുണക്കുന്നവരും പറയുന്നത്. എന്നാൽ, ചിലർ കുറച്ച് കൂടി കാത്തിരിക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്.
പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ അടൂരിലെ വസതിയിലാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം ജില്ലയിലെ പ്രമുഖ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിഷേധ സാധ്യത കുറഞ്ഞതിനെ തുടർന്ന് വീടിനു മുന്നിലെ പൊലീസ് ബാരിക്കേഡ് നീക്കം ചെയ്തെങ്കിലും സുരക്ഷ തുടരുന്നു.
Tag; BJP says no to Palakkad by-election; KPCC demands Rahul Mangkootatil’s resignation