രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്കൊപ്പം വേദി പങ്കിട്ട നഗരസഭാഅധ്യക്ഷയിൽ നിന്ന് വിശദീകരണം തേടാൻ ബിജെപി

ലൈംഗികാതിക്രമ ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്കൊപ്പം പാലക്കാട് നഗരസഭാ അധ്യക്ഷ വേദി പങ്കിട്ടതിനെ തുടര്‍ന്ന് ബിജെപിക്കുള്ളില്‍ ശക്തമായ പ്രതിഷേധം. സംഭവത്തെ തുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരനോട് വിശദീകരണം ആവശ്യപ്പെടാനാണ് ബിജെപി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
പ്രമീള ശശിധരന്റെ നടപടിക്കെതിരെ പാര്‍ട്ടിയ്ക്ക് അകത്തും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. അവര്‍ ചെയ്ത നടപടി “സ്ത്രീവിരുദ്ധവും പാര്‍ട്ടിക്ക് നാണക്കേടുമാണ്” എന്നായിരുന്നു കോര്‍ കമ്മിറ്റിയില്‍ ഉയര്‍ന്ന അഭിപ്രായം. പ്രമീളയ്ക്കെതിരെ നടപടിയെടുക്കണമെന്ന് നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടു.
രാഹുല്‍ മാങ്കൂട്ടത്തില്‍ നേരിടുന്ന ലൈംഗികാരോപണം കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ ബിജെപി ആസൂത്രണം ചെയ്തിരുന്നതിനാല്‍, ഈ സംഭവം പാര്‍ട്ടിയുടെ നിലപാടിന് തിരിച്ചടിയായെന്ന നിലപാടിലാണ് നേതാക്കള്‍. തുടര്‍ പ്രതിഷേധങ്ങളെയും ഇത് ബാധിക്കുമെന്ന ആശങ്കയും ഉന്നയിക്കപ്പെട്ടു.
ഇന്നലെയാണ് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് രാഹുല്‍ മാങ്കൂട്ടത്തില്ക്കൊപ്പം പൊതു വേദി പങ്കിട്ടത്. നഗരത്തിലെ സ്റ്റേഡിയം ബൈപ്പാസ് റോഡ് ഉദ്ഘാടന ചടങ്ങിലായിരുന്നു ഇരുവരും ഒരുമിച്ച് വേദിയിലെത്തിയത്. ലൈംഗികാരോപണത്തിന് പിന്നാലെ രാഹുലിനെ പൊതുപ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിർത്തുമെന്നായിരുന്നു ബിജെപിയും സിപിഐഎമ്മും മുമ്പ് സ്വീകരിച്ച നിലപാട്.
എന്നാൽ അടുത്തിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ വീണ്ടും സജീവമായിട്ടുണ്ട്. കെ.എസ്.ആര്.ടി.സി. ബസ് സർവീസിന്റെയും റോഡ് പദ്ധതികളുടെയും ഉദ്ഘാടനങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു, എങ്കിലും ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത് തടയുമെന്ന് മുമ്പ് ബിജെപിയും സിപിഐഎമ്മും വ്യക്തമാക്കിയിരുന്നു.
Tag: BJP seeks explanation from Municipal Chairman who shared stage with MLA Rahul Mangkootathil



