”ഞങ്ങൾ പ്രജകളല്ല” ; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയോട് വിയോജിച്ച് ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയോട് വിയോജിച്ച് വരന്തരപ്പിള്ളിയിലെ നാല് ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. കലുങ്ക് സംവാദത്തിൽ പങ്കെടുത്ത ഇവർ, പരിപാടിയുടെ അടുത്ത ദിവസം തന്നെ പാർട്ടി വിട്ടതാണ് ശ്രദ്ധേയമായത്. പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരാണ് ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്.
ബിജെപി ഭരിക്കുന്ന വേലുപ്പാടം വാർഡിൽ നിന്നുള്ള സജീവ പ്രവർത്തകരാണ് ഇവർ. ഈ മാസം 18നാണ് വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാർഡിൽ കലുങ്ക് സംവാദം നടന്നത്. അതിന്റെ പിറ്റേദിവസം, 19നാണ് ഇവർ കോൺഗ്രസിൽ ചേർന്നത്.
സംവാദത്തിനിടെ സുരേഷ് ഗോപി നടത്തിയ പെരുമാറ്റമാണ് പാർട്ടി വിടാനുള്ള പ്രധാന കാരണമെന്ന് പ്രവർത്തകർ വ്യക്തമാക്കി. മന്ത്രിയുടെ സമീപനം തങ്ങൾ അംഗീകരിക്കാനാവാത്തതാണെന്നും അതിനാലാണ് പാർട്ടി വിട്ടതെന്നും പ്രസാദ് പറഞ്ഞു. “ഞങ്ങൾ സുരേഷ് ഗോപിയുടെ പ്രജകളല്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“രാഹുൽ ഗാന്ധി സാധാരണക്കാരുടെ ചായക്കടയിൽ പോയി ചായ കുടിക്കാറുണ്ട്. എന്നാൽ എല്ലാവരെയും പ്രജകളായി കാണുന്ന സുരേഷ് ഗോപിക്ക് അത്തരമൊരു സമീപനം പുലർത്താൻ കഴിയില്ല,” എന്നായിരുന്നു പ്രസാദിന്റെ വിമർശനം.
Tag: BJP workers join Congress in disagreement with Union Minister of State Suresh Gopi