മഹാരാഷ്ട്രയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഉയരുന്നു; ഇതുവരെ മരിച്ചത് 90 പേർ
മുംബൈ: രാജ്യത്ത് കൊറോണയ്ക്ക് പിന്നാലെത്തിയ ബ്ലാക് ഫംഗസ് രോഗവും കൂടുതൽ ഗുരുതരമാകുന്നതായി റിപ്പോർട്ടുകൾ. കൊറോണ വ്യാപനം വലിയ തോതിൽ ഉണ്ടായിരുന്ന മഹാരാഷ്ട്രയിൽ ഇപ്പോൾ ബ്ലാക് ഫംഗ്‌സ് രോഗവും പിടിമുറുക്കിയിരിക്കുകയാണ്. രോഗ ബാധ മൂലമുണ്ടാകുന്ന മരണവും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. 90 പേർ ബ്ലാക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കർമൈക്കോസിസ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രി രാജേഷ് തോപെ അറിയിച്ചു.
ഒരാഴ്ചക്കിടെ 200ലധികം പേർക്ക് രോഗ ബാധ റിപ്പോർട്ട് ചെയ്തു. ബ്ലാക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്ത രോഗികളുടെ ചികിത്സയക്ക് അടിന്തര സഹായം വേണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ട് കഴിഞ്ഞു. നിലവിൽ മരുന്ന് ക്ഷാമം നേരിടുന്നുണ്ട്. ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആഫോടെറിസിൻ-ബി ഇഞ്ചക്ഷൻ കൂടുതലായി ലഭ്യമാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.
അടിയന്തരമായി 1.90 ലക്ഷം ഇഞ്ചക്ഷനാണ് ആവശ്യപ്പെട്ടത്. എന്നാൽ 16000 ഇഞ്ചക്ഷൻ മാത്രമാണ് ലഭിച്ചതെന്ന് ആരോഗ്യമന്ത്രി പറയുന്നു.കൊറോണ രണ്ടാം തരംഗത്തിന്റെ അതിതീവ്രവ്യാപനം നേരിടുന്ന സംസ്ഥാനങ്ങളിൽ മുൻനിരയിലാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് 800 ഓളം പേർ ഫംഗസ് ബാധയേറ്റ് ചികിത്സയിലുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.