കടകംപള്ളി സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകളില്‍ കരിഓയില്‍ ഒഴിച്ചു

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചെന്ന പരാതിയുമായി സിപിഎം. കടകംപള്ളി സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും ചില ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കീറി നശിപ്പിച്ചുവെന്നുമാണ് പരാതി. പാങ്ങാപ്പാറ, കുറ്റിച്ചല്‍ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളിലാണ് കരിഓയില്‍ ഒഴിച്ചത്.
ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കാനും ശ്രമമുണ്ടായി. ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. പൊലീസില്‍ പരാതി നല്‍കുമെന്ന് സിപിഐഎം നേതൃത്വം അറിയിച്ചു. ചില പോസ്റ്ററുകള്‍ വലിച്ച് കീറിയിട്ടുമുണ്ട്. ബിജെപി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതെന്നാണ് ആരോപണം. മന്ത്രി കഴിഞ്ഞ ദിവസങ്ങളില്‍ പാങ്ങാപ്പാറ, കുറ്റിച്ചല്‍ മേഖലകളില്‍ നേരിട്ടെത്തി ജനങ്ങളെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ കരിഓയില്‍ ഒഴിച്ചിരിക്കുന്നത്.
കഴക്കൂട്ടം മണ്ഡലത്തില്‍ നിന്നാണ് കടകംപള്ളി ഇത്തവണയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ എസ് എസ് ലാലും, ബിജെപിയുടെ ശോഭാ സുരേന്ദ്രനുമാണ് ദേവസ്വം മന്ത്രിയുടെ പ്രധാന എതിരാളികള്‍.