‘മാർ ക്രിസോസ്റ്റത്തിന്റെ നൂറു വർഷങ്ങൾ’ ചരിത്രത്തിലേക്ക് വീണ്ടും ബ്ലെസി

ഗോവ / ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രായമേറിയ ആത്മീയ വ്യക്തിത്വം എന്ന അപൂർവ പദവി ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്തക്ക് സ്വന്തമായി. 103–ാം വയസ്സിൽ എത്തി നിൽക്കുന്ന മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്തയായ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തെ കുറിച്ച് പ്രശസ്ത സംവിധായകൻ ബ്ലെസി ഒരുക്കിയ ‘മാർ ക്രിസോസ്റ്റത്തിന്റെ നൂറു വർഷങ്ങൾ’ എന്ന ഡോക്യൂമെന്ററി 48 മണിക്കൂർ 10 മിനുട്ട് ദൈർഘ്യമുള്ളതാണ്.
ഈ ഡോക്യൂമെന്ററി 70 മിനുട്ടാക്കി ചുരുക്കി 51–ാമതു രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിലെ നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ എപിക് – ഡോക്യൂമെന്ററിയായിട്ടാണ് അവതരിപ്പിച്ചത്. ഒന്നാം ലോകമഹായുദ്ധം മുതൽ കൊറോണ വരെ നേരിട്ടു കണ്ട ഏഷ്യയിലെ തന്നെ ഏറ്റവും പ്രായമുള്ള ക്രൈസ്തവ ബിഷപ്പുമായി രാജ്യത്തെ 100 പ്രമുഖ വ്യക്തികൾ നേരിട്ടു സംവദിക്കുന്ന ഈ ഡോക്യൂമെന്ററി ഏകദേശം 5 വർഷം കൊണ്ടാണ് ബ്ലെസി ചിത്രീകരിച്ചത്.
ഏറ്റവും ദൈർഘ്യമേറിയ ഡോക്യൂമെന്ററി എന്ന നിലയിൽ ഇതിനകം ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചു കഴിഞ്ഞ ഈ ഡോക്യൂമെന്ററി വരും നാളുകളിൽ നിരവധി റെക്കോർഡുകൾ സ്വന്തമാക്കും. ഈ ഏപ്രിൽ 27 ന് 103 വയസ്സു പിന്നിടാൻ ഒരുങ്ങുന്ന മാർ ക്രിസോസ്റ്റം ഇപ്പോൾ സഭയുടെ വക കുമ്പനാട് ഫെലോഷിപ് മിഷൻ ആശുപത്രിയിലെ പ്രത്യേക വാർഡിൽ സഹബിഷപ്പുമാരുടെയും വൈദികരുടെയും ആശുപത്രിയുമായ ബന്ധപ്പെട്ട ജീവനക്കാരുടെയും സ്നേഹപരിചരണത്തിൽ കഴിയുകയാണ്. ഫിലിം സെൻസർ ബോർഡ് ഏഴു ദിവസം കൊണ്ടാണ് ഹണ്ട്രഡ് ഇയേഴ്സ് ഓഫ് മാർ ക്രിസോസ്റ്റം, എ ബയോഗ്രാഫിക്കൽ സ്കെച്ചിന് അനുമതി നൽകുന്നത്.