CrimeKerala NewsLatest NewsUncategorized

ഫ്ലാറ്റിൽ നിന്ന് ലഭിച്ച രക്തക്കറ വൈഗയുടേത് തന്നെ; ഡിഎൻഎ ഫലം ലഭിച്ചു; സനു മോഹനെ കൊയമ്പത്തൂരിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: സനുമോഹൻറെ ഫ്ലാറ്റിൽ നിന്ന് കണ്ടത്തിയ രക്തക്കറ വൈ​ഗയുടേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനാ ഫലം അന്വേഷണ സംഘത്തിന് കിട്ടി. ശ്വാസം മുട്ടിച്ചപ്പോൾ കുട്ടിയുടെ മൂക്കിൽ നിന്ന് വന്ന രക്തമാകാം ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം പിതാവ് സനുമോഹനെ തെളിവെടുപ്പിനായി കൊയമ്പത്തൂരിലേക്ക് കൊണ്ടുപോയി. ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലാണ് തെളിവെടുപ്പ്.

കൊച്ചിയിലെ തെളിവെടുപ്പുകൾ പൂർത്തിയാക്കിയാണ് സനുമോഹനെ അന്വേഷണസംഘം കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്. കോയമ്പത്തൂരിലേക്ക് കടക്കുന്നതിന് മുൻപ് വാളയാർ ടോൾ പ്ലാസയിലും പാലക്കാട്ടെ ചില കേന്ദ്രങ്ങളിലും തെളിവെടുപ്പ് നടത്തി. സനുമോഹന് ഒളിവിൽ പോവാൻ മറ്റാരുടേയെങ്കിലും സഹായം കിട്ടിയോയെന്ന് കണ്ടെത്താനായിരുന്നു ഇത്.

കോയമ്പത്തൂരിൽ വെച്ച് വിറ്റ സനുമോഹൻറെ വാഹനം പ്രതിയുടെ സാന്നിധ്യത്തിൽ അന്വേഷണസംഘം പരിശോധിക്കും. കോയമ്പത്തൂരിലെ തെളിവെടുപ്പുകൾ പൂർത്തിയാക്കി സനുമോഹൻ ഒളിവിൽ കഴിഞ്ഞിരുന്ന ഗോവയിലും മൂകാംബികയിലും അന്വേഷണ സംഘം പോകും. ഇവിടങ്ങളിൽ വെച്ച് മൂന്ന് തവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന് സനുമോഹൻ വെളിപ്പെടുത്തിയിരുന്നു. ഗോവയിലെ ഉൾകടലിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ ലൈഫ്ഗാർഡ് വന്ന് രക്ഷപെടുത്തിയെന്ന സനുമോഹൻ പറഞ്ഞ കഥകൾ സത്യമാണോയെന്ന് പരിശോധിക്കും.

സനുമോഹനെ തെളിവെടുപ്പിന് കൊണ്ടുപോകുന്ന അതത് സംസ്ഥാനങ്ങളിലെ പൊലീസിനോട് അന്വേഷണം സംഘം സഹായം തേടിയിട്ടുണ്ട്. തെളിവെടുപ്പ് പൂർത്തിയാക്കി കൊച്ചിയിൽ തിരികെയെത്തിയാൽ ഭാര്യയെ ഒപ്പം നിർത്തി സനുമോഹനെ വീണ്ടും ചോദ്യം ചെയ്യും. 10 ദിവസത്തെ കസ്റ്റഡി കാലാവധിക്കുള്ളിൽ കേസിലെ എല്ലാ ദുരൂഹതകളും നീക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button