കരൂര്‍ ദുരന്തത്തില്‍ മരണം 40; ചികിത്സ കൊഴിഞ്ഞ് വീട്ടിലെത്തിയയാള്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു
സ്വകാര്യ ബാങ്കിലെ മാനേജറാണ് 32കാരനായ കവിന്

കരൂര്‍: കരൂർ ദുരന്തത്തില്‍ മരണ സംഖ്യ 40 ആയി. കരൂര്‍ സ്വദേശി കവിന്റെ മരണമാണ് ഒടുവില്‍ സ്ഥിരീകരിച്ചത്. തിക്കിലും തിരക്കിലുംപ്പെട്ട് പരിക്കേറ്റ കവിന് പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് നെഞ്ചുവേദന അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിക്കുകയുമായിരുന്നു. സ്വകാര്യ ബാങ്കിലെ മാനേജറാണ് 32കാരനായ കവിന്. ദുരന്തത്തില്‍ മരിച്ച 39 പേരുടെ പോസ്റ്റുമോര്‍ട്ടം ഇതിനകം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
സംഭവത്തില്‍ ടിവികെ ജനറല്‍സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്‍ ആനന്ദിനെതിരെയാണ് കേസ്. കരൂര്‍ ജില്ലാ സെക്രട്ടറി മതിയഴകന്‍ ഉള്‍പ്പെടെ നാലുപേരാണ് കേസിലെ പ്രതികള്‍. പൊലീസ് കേസെടുത്തതോടെ മതിയഴകന്‍ ഒളിവില്‍ പോയെന്നാണ് വിവരം. മതിയഴകന്റെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം കരൂർ ദുരന്തത്തിൽ ടിവികെ ഹൈക്കോടതിയെ സമീപിച്ചു. മദ്രാസ് ഹൈക്കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ടിവികെ അപ്പീൽ നൽകി. സിസിടിവിയും രേഖകളും സംരക്ഷിക്കണമെന്ന് ടിവികെ ആവശ്യപ്പെട്ടു. ടിവികെ നേതാക്കൾക്ക് സുരക്ഷയൊരുക്കാൻ സർക്കാർ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലാ സെക്രട്ടറിമാർക്കും സുരക്ഷ വർദ്ധിപ്പിക്കാനാണ് നിർദേശം. ജനങ്ങളുടെ ദേഷ്യം കാരണമുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് നിർദ്ദേശമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ വൈകുന്നേരം എട്ടുമണിയോടെയാണ് കരൂരിൽ വിജയുടെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായത്.
40 dead in Karur disaster; person who returned home after treatment died due to chest pain