സിംപിൾ & യുണീക്; പുതിയ ലോഗോ പുറത്തിറക്കി ബിഎംഡബ്ല്യു
പുതിയ ലോഗോ പുറത്തിറക്കി ബിഎംഡബ്ല്യു. ജർമനിയിലെ മ്യൂണിക് മോട്ടോർ ഷോയിലായിരുന്നു അവതരണം. ആദ്യനോട്ടത്തിൽ വലിയ മാറ്റങ്ങൾ കാണാനാകില്ലെങ്കിലും സൂക്ഷ്മമായി നോക്കുമ്പോഴേ പുതുമ തിരിച്ചറിയാൻ കഴിയൂ. ബിഎംഡബ്ല്യു ഇലക്ട്രിക് iX3 മോഡലിനൊപ്പമാണ് പുതുക്കിയ ലോഗോ അവതരിപ്പിച്ചത്.
പഴയതും പുതിയത് തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കാൻ വിശദമായി പരിശോധിക്കണം. ബ്രാൻഡിന്റെ ആദ്യാക്ഷരങ്ങൾക്കൊപ്പം, നീലയും വെള്ളയും നിറങ്ങൾ ഉൾക്കൊള്ളുന്ന വൃത്താകൃതിയിലുള്ള രൂപം നിലനിൽക്കുന്നുണ്ട്. എന്നാൽ, മുൻപ് ഉണ്ടായിരുന്ന ക്രോം റിംഗ് പുതുക്കിയ ലോഗോയിൽ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നീലയും വെള്ളയും നിറങ്ങൾ നേരിട്ട് കറുപ്പ് പശ്ചാത്തലത്തിൽ തെളിഞ്ഞുനിൽക്കുന്നു.
അക്ഷരങ്ങളുടെ വലുപ്പത്തിലും ചെറിയ മാറ്റങ്ങളുണ്ട്. ഇനി iX3 ഉൾപ്പെടെയുള്ള പുതിയ വാഹനങ്ങളിൽ പുതുക്കിയ ലോഗോ ഉപയോഗിക്കും. നിലവിലുള്ള മോഡലുകളിൽ പഴയ ലോഗോ തുടരുമെന്നും കമ്പനി വ്യക്തമാക്കി.
Tag: BMW unveils new logo