കുട്ടികളെ തെറ്റായി ചിത്രീകരിക്കുന്നു; ‘ബോംബെ ബീഗംസി’ൻറെ സംപ്രേക്ഷണം നിർത്തിവെക്കണമെന്ന് നിർദ്ദേശവുമായി ബാലാവകാശ കമ്മീഷൻ

ന്യൂ ഡെൽഹി: കുട്ടികളെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നെറ്റ്ഫ്ലിക്സ് വെബ് സീരീസായ ‘ബോംബെ ബീഗംസി’ൻറെ സംപ്രേക്ഷണം നിർത്തിവെക്കണമെന്ന് നിർദ്ദേശവുമായി നാഷനൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻ.സി.പി.സി.ആർ) രംഗത്ത്.
വെബ്സീരിസുമായി ബന്ധപ്പെട്ട് ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന് 24 മണിക്കൂറിനകം വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയും ചെയ്തു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
വെബ്സീരീസിൽ കുട്ടികളെ ചിത്രീകരിക്കുന്ന രീതി യുവമനസുകളെ മലിനമാക്കുമെന്നും അതുവഴി കുട്ടികളെ ചൂഷണത്തിനും ദുരുപയോഗത്തിനും വിധേയമാക്കുമെന്നും എൻ.സി.പി.സി.ആർ പറയുന്നു.
പ്രായപൂർത്തിയാകാത്തവരുടെ ലൈംഗികതയും മയക്കുമരുന്ന് ഉപയോഗവും സാധാരണമായി വെബ്സീരീസിൽ ചിത്രീകരിച്ചിരിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. ഇത്തരം ഉള്ളടക്കങ്ങൾ സംപ്രേക്ഷണം ചെയ്യുമ്പോൾ നെറ്റ്ഫ്ലിക്സ് ജാഗ്രത പുലർത്തണമെന്നും നോട്ടീസിൽ പറയുന്നു.
അഞ്ചു സ്ത്രീകളുടെ കഥ പറയുന്ന വെബ്സീരീസാണ് ബോംബെ ബീഗംസ്. വിവിധ സമൂഹങ്ങളിൽനിന്നെത്തിയ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളാണ് സീരീസിൻറെ ആധാരം.