ഭാരത് ശ്രീ വിജയി ജഗദീഷ് ലാഡ് കോവിഡ് ബാധിച്ച് മരിച്ചു
ബറോഡ(ഗുജറാത്ത്): ഭാരത് ശ്രീ വിജയിയും പ്രമുഖ രാജ്യാന്തര ബോഡിബില്‍ഡറുമായ ജഗദീഷ് ലാഡിന്റെ കോവിഡ് ബാധിച്ചുള്ള അപ്രതീക്ഷിത മരണത്തില്‍ തരിച്ചിരിക്കുകയാണ് കായികപ്രേമികള്‍ . 34 വയസ്സുള്ള ജഗദീഷ് കോവിഡ് ബാധിച്ചു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കവെയാണ് മരണമടയുന്നത്. നാല് ദിവസമായി ഓക്‌സിജന്‍ സഹായം കൊണ്ടാണ് ജീവന്‍ നിലനിര്‍ത്തിവന്നത്.
‘ജഗദീഷിന്റെ വിയോഗം ഇന്ത്യന്‍ ബോഡിബില്‍ഡിങ്ങിന് ഒരു തീരാനഷ്ടമാണ്. വളരെ വിനയമുള്ള സ്വഭാവം ആയതിനാല്‍ അവനെ ഞങ്ങള്‍ക്ക് വളരെ ഇഷ്ടമായിരുന്നു. സീനിയര്‍ ബോഡിബില്‍ഡിങ് രംഗത്ത് അവന്റെ സംഭാവനകള്‍ വളരെ വലുതാണ്. അവന്‍ മരിച്ചെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല,’ ജഗദീഷിന്റെ സുഹൃത്തും പഴ്സനല്‍ ട്രെയ്നറുമായ രാഹുല്‍ ടര്‍ഫേ പറഞ്ഞു.
ജോലി ആവശ്യത്തിനായി ജന്മനാടായ നവി മുംബൈ വിട്ട് ബറോഡയില്‍ കുടിയേറിയ ജഗദീഷ് ഒരു സ്വകാര്യ ജിമ്മില്‍ ജോലി ചെയ്യുന്നതിനിടെയാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.
നിരവധി രാജ്യാന്തര വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മിസ്റ്റര്‍ ഇന്ത്യ സ്വര്‍ണ മെഡല്‍ ജേതാവും ലോകചാംപ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവുമാണ്. ഭാര്യയും മകളുമുണ്ട്