ചെക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൂട്ടുപുഴ പൊലീസ് ചെക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ പൊതുവാച്ചേരി സ്വദേശി റഹീം (30) നിരവധി കേസുകളില്‍ പ്രതിയായിരുന്നു. കിളിയന്തറ 32-ാം മൈല്‍ മുടിയരഞ്ഞി കടവില്‍ നിന്ന് ഇന്ന് രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. റഹീം ചാടിയ സ്ഥലത്തുനിന്ന് ഏകദേശം നാല് കിലോമീറ്റര്‍ അകലെയായിരുന്നു മൃതദേഹം തീരത്ത് അടിഞ്ഞുകിടന്നത്. വെള്ളിയാഴ്ച രാത്രി സംഭവിക്കുകയായിരുന്നു.
കർണാടകയില്‍നിന്ന് കേരളത്തിലേക്ക് ആഡംബര വാഹനത്തില്‍ റഹീവും സംഘവും വരികെയായിരുന്നു. പൊലീസ് കൈകാണിച്ചതോടെ വാഹനം നിർത്തി പുറത്തിറങ്ങിയ റഹീം, ചെക്‌പോസ്റ്റിന് സമീപമുള്ള ഊടുവഴിയിലൂടെ ഓടി പേരട്ട പുഴയും ബാരാപോള്‍ പുഴയും സംഗമിക്കുന്ന സ്ഥലത്ത് ചാടുകയായിരുന്നു. ചാടിയ ശേഷം ഏകദേശം 100 മീറ്റര്‍ താഴെ കച്ചേരിക്കടവ് പാലത്തിനു സമീപം വരെ ഇയാളെ നാട്ടുകാര്‍ കണ്ടിരുന്നു.
അന്ന് രാത്രി തന്നെ അഗ്നിരക്ഷാസേന, നാട്ടുകാര്‍, പൊലീസ് എന്നിവര്‍ ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിക്കുന്നതിനിടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Tag; Body of young man found after jumping into river during vehicle inspection at checkpoint