നടുറോഡിൽ ബൈക്കിൽ അഞ്ചുവയസുകാരനെ ഡ്രൈവിംഗ് പഠിപ്പിച്ച പിതാവിന്റെ ലൈസൻസ് തെറിച്ചു.

പെരിന്തൽമണ്ണ / അഞ്ചുവയസുകാരന് നടുറോഡിൽ ബൈക്കിൽ ഡ്രൈവിംഗ് പരിശീലനം നടത്തിയ പിതാവിന്റെ ലൈസൻസ് തെറിച്ചു. പെരിന്തൽമണ്ണ തേലക്കാട് സ്വദേശി അബ്ദുൾ മജീദിന്റെ ലൈസൻസ് ആണ് സംഭവത്തോടെ സസ്പെന്റ് ചെയ്യപ്പെട്ടത്. മണ്ണാർക്കാട്ടു നിന്നു പെരിന്തൽമണ്ണയിലേക്കുള്ള റോഡിൽ കാപ്പ് എന്ന സ്ഥലത്തു നിന്നു പേലക്കാട്ടേക്ക് ബൈക്കിൽ പോവുകയായിരുന്ന അബ്ദുൾ മജീദ് അഞ്ചു വയസുമാത്രം പ്രായമുള്ള തന്റെ കുട്ടിക്ക് ബൈക്കിന്റെ ഹാൻഡിൽ നിയന്ത്രിക്കാൻ പഠിപ്പിക്കുന്നതായി വീഡിയോ ദൃശ്യം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പ്രശ്നമാകുന്നത്. പെരിന്തൽമണ്ണ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് വർഗീസിനു ഒരാൾ ഈ വീഡിയോ നൽകിയതോടെ ജോയിന്റ് ആർടിഒയുടെ നിർദേശ പ്രകാരം വീഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് തേലക്കാട് സ്വദേശി അബ്ദുൾ മജീദ് ആണെന്നു ഇതോടെയാണ് വ്യക്തമാകുന്നത്. കാരണം കാണിക്കൽ നോട്ടീസ് നൽകിയ മോട്ടോർവാഹന വകുപ്പ് അബ്ദുൾമജീദിന്റെ കുറ്റസമ്മതത്തെ തുടർന്ന് ഡ്രൈവിംഗ് ലൈസൻസ് ഒരുവർഷത്തേക്കു സസ്പെൻഡ് ചെയ്യുകയായിരുന്നു.