മിയ ഖലീഫയടക്കം രംഗത്ത് വന്നത് കേന്ദ്രത്തിന് പിടിച്ചില്ല, കര്‍ഷക സമരത്തില്‍ ഹാഷ്ടാഗുകള്‍ വേണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയിലെ കര്‍ഷക സമരം ആഗോള തലത്തില്‍ ചൂടുപിടിക്കുകയാണ്. നിരവധി പ്രമുഖര്‍ രംഗത്തെത്തിയതോടെ കേന്ദ്രവും വിറളി പിടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ കര്‍ഷക സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ തന്നെ പിന്തുണയേറുന്ന സാഹചര്യത്തില്‍ രൂക്ഷ പ്രതികരണവുമായി കേന്ദ്ര സര്‍ക്കാര്‍. സെന്‍സേഷണലിസ്റ്റ് ഹാഷ് ടാഗുകളും കമന്റുകളും സെലിബ്രിറ്റികള്‍ ഏറ്റെടുക്കുന്നത് ഉത്തരവാദിത്തപരമല്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
“പുതിയ കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷകരില്‍ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് ആശയങ്കയുള്ളത്. നിയമം നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ സമരത്തെ കാണേണ്ടതുണ്ട്” . കേന്ദ്രം വ്യക്തമാക്കി.
ഇന്ത്യയില്‍ അരങ്ങേറുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി നടി മിയ ഖലീഫയും. “എന്ത് തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് അവിടെ നടക്കുന്നത്..? ഡല്‍ഹിക്ക് ചുറ്റും ഇന്റര്‍നെറ്റ് വിച്ഛേദിച്ചു’- മിയ ട്വിറ്ററില്‍ കുറിച്ചു. ഒപ്പം കര്‍ഷക സമരത്തിന്റെ ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ കര്‍ഷക സമരത്തിന് അന്താരാഷ്ട്ര സമൂഹത്തില്‍ പിന്തുണയുമായി എത്തിയത് പോപ് ഗായിക റിഹാന, അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ്, കമല ഹാരിസിന്റെ മരുമകളായ മീനാ ഹാരിസ് , നടി മിയ ഖലീഫ എന്നിവരാണ്. .