CovidLatest NewsNationalUncategorizedWorld

‘ഇന്ത്യയിൽ കൊവിഡ് വഷളാക്കിയത് മോദി സർക്കാർ; ഈ തെറ്റിന് മാപ്പില്ല, കുറ്റം തുറന്നു സമ്മതിക്കണം’; കേന്ദ്രത്തിനെതിരെ ശാസ്ത്ര മാസിക ലാൻസെറ്റ്

ലണ്ടൻ: രാജ്യത്ത് കൊവിഡ് ഭീകരമാവാൻ കാരണം മോദി സർക്കാറിന്റെ അലംഭാവമെന്ന് ശാസ്ത്ര മാസിക ലാൻസെറ്റ്. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിതീവ്രമായി വ്യാപിക്കുന്നതിനിടെ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റ് രംഗത്തെത്തിയത്. മോദി സർക്കാർ തെറ്റുകൾ സമ്മതിക്കണമെന്നും ലാൻസെറ്റ് മാസികയുടെ പുതിയ എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള റിസർച്ച്‌ ജേണലുകളിൽ ഒന്നാണ് ബ്രിട്ടണിൽ നിന്നും പുറത്തിറങ്ങുന്ന ലാൻസെറ്റ്.

ഒന്നാം തരംഗത്തെ നേരിട്ട ശേഷം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സർക്കാർ തികഞ്ഞ അലംഭാവമാണ് കാണിച്ചത്. മഹാമാരിയെ പ്രതിരോധിക്കുന്നതിനേക്കാൾ പ്രധാനമന്ത്രി ശ്രദ്ധ കൊടുത്തത് വിമർശനങ്ങൾ ഇല്ലാതാക്കാനാണ്. ലാൻസെറ്റ് മാസികയിലെ എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.

ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ പത്ത് ലക്ഷം കടക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അങ്ങനെയൊരു ദുരന്തം സംഭവിച്ചാൽ അതിന് പൂർണ ഉത്തരവാദിത്തം മോദി സർക്കാരിനായിരിക്കും. കൊവിഡിന് രണ്ടാം തരംഗമുണ്ടാക്കുമെന്നും അതിതീവ്രമായ വ്യാപനമുണ്ടായേക്കുമെന്നുമുള്ള മുന്നറിയിപ്പുകൾ അവഗണിക്കുന്ന രീതിയിലാണ് ഇന്ത്യൻ പ്രധാനമന്ത്രി പ്രവർത്തിച്ചതെന്നും മാസിക തുറന്നടിക്കുന്നു.

മാർച്ച്‌ ആദ്യം കൊവിഡ് കേസുകൾ കൂടുന്നതിനുമുമ്ബ് മഹാമാരിയുടെ അവസാനഘട്ടത്തിലാണ് ഇന്ത്യയെന്ന് ആരോഗ്യമന്ത്രി ഹർഷവർധൻ പ്രഖ്യാപിച്ചു. രണ്ടാംതരംഗത്തിന്റെ അപകടത്തെക്കുറിച്ചും പുതിയ വൈറസ് വകഭേദങ്ങളുണ്ടാകുന്നതിനെക്കുറിച്ചും ആവർത്തിച്ച്‌ മുന്നറിയിപ്പുണ്ടായിട്ടും ഇന്ത്യ കൊവിഡിനെ തോൽപ്പിച്ചു എന്ന ധാരണയാണ് സർക്കാർ പരത്തിയത്. രണ്ടാം തരംഗത്തിന് തൊട്ടു മുൻപ് രാഷ്ട്രീയ, മതറാലികൾ നടത്താൻ അനുമതി നൽകി ഇന്ത്യൻ സർക്കാർ തന്നെ കൊവിഡ് വ്യാപനത്തിന് വേണ്ട സാഹചര്യമൊരുക്കി കൊടുക്കുകയും ചെയ്തതായും ലാൻസെറ്റ് വിമർശിച്ചു.

ഇന്ത്യൻ മെഡിക്കൽ ഗവേഷണകൗൺസിലിന്റെ സിറോ സർവേ രാജ്യത്തെ 21 ശതമാനം പേരിലേ കൊറോണ വൈറസിനെതിരായ ആന്റിബോഡികളുള്ളൂവെന്ന് കണ്ടെത്തിയിരുന്നുവെന്നും മുഖപ്രസംഗം പറയുന്നു.

കൊവിഡ് വ്യാപകമായി വന്നപ്പോൾ ജനങ്ങളിൽ ആർജിത പ്രതിരോധ ശേഷിയുണ്ടായെന്ന വിശ്വാസത്തിലായിരുന്നു ഇന്ത്യ. ഇതു അടിസ്ഥാനരഹിതമായിരുന്നു. എന്നാൽ ഈ വിശ്വാസം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവത്തിന് കാരണമായി. വാക്‌സിനേഷൻ നയത്തിൽ പ്രാദേശിക സർക്കാരുകളെ അവഗണിച്ചു കൊണ്ട് കേന്ദ്രം ഒറ്റക്ക് തീരുമാനമെടുത്തു.

ഉത്തർപ്രദേശും മഹാരാഷ്ടയുംപോലുള്ള സംസ്ഥാനങ്ങൾ രണ്ടാംതരംഗത്തിന് ഒട്ടുംതന്നെ തയ്യാറെടുത്തിരുന്നില്ല. എന്നാൽ, കേരളവും ഒഡിഷയും പോലുള്ളവ മെച്ചപ്പെട്ട തയ്യാറെടുപ്പുകൾ നടത്തി. അവർ ആവശ്യത്തിന് മെഡിക്കൽ ഓക്‌സിജൻ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാക്കി. അതിനാൽ, രണ്ടാംതരംഗത്തിൽ ആവശ്യത്തിന് മെഡിക്കൽ ഓക്സിജനില്ലാതെ കഷ്ടപ്പെട്ട സംസ്ഥാനങ്ങൾക്ക് അത് എത്തിച്ചുകൊടുക്കാൻ അവക്കുകഴിഞ്ഞുവെന്ന് ‘ലാൻസെറ്റ്’ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button