സ്വപ്‌നയുടെ ശബ്‌ദരേഖ, അന്വേഷണത്തെ വഴി തെറ്റിക്കാനുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടായ്മയുടെ ഗൂഡാലോചന.

തിരുവനന്തപുരം / സ്വപ്‌ന സുരേഷിന്റേതായി തയ്യാറാക്കി പ്രചരിപ്പിച്ച ശബ്‌ദരേഖ എൻഫോഴ്‌സ്‌മെന്റ് ഉൾപ്പടെയുള്ള ദേശീയ കുറ്റാന്വേഷണ ഏജൻസിയുടെ അന്വേഷണത്തെ വഴി തെറ്റിക്കാനുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടായ്മയുടെ ഗൂഡാലോചന. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ എൻഫോഴ്‌സ്‌മെന്റ് നിർബന്ധിക്കുന്നുവെന്ന രീതിയിൽ സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്‌നയുടേതായി പ്രചരിച്ചിരുന്ന ശബ്ദരേഖയിൽ ഉളളത് സ്വപ്നയുടെ ശബ്ദം തന്നെയാണെന്ന് ദക്ഷിണ മേഖല ജയിൽ ഡി ഐ ജി സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാൽ ശബ്ദരേഖ ജയിലിൽ വച്ചല്ല റെക്കോഡ് ചെയ്തതെന്നും പുറത്ത് തെളിവെടുപ്പിന് പോയപ്പോൾ റെക്കോഡ് ചെയ്തതാവാമെന്നും ആണ് ഡി ഐ ജി പറഞ്ഞിട്ടുള്ളത്. ജയിലിൽ വെച്ചാണ് ഈ സന്ദേശം റെക്കോർഡ് ചെയ്തിരിക്കുന്നതെങ്കിൽ ഉദ്യോഗസ്ഥരുടെ അറിവോടെ അല്ലാതെ റെക്കോർഡ് ചെയ്യാൻ കഴിയില്ല. തെളിവെടുപ്പിനായി പോയപ്പോഴാണ് റെക്കോർഡ് ചെയ്തതെങ്കിലും സ്വപ്നക്ക് മാത്രമായി ഇത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കാൻ പറ്റില്ല.
ശബ്ദം തന്റേതാണെന്ന് സ്വപ്നയും സ്ഥിരീകരിച്ചിട്ടുണ്ട്. എപ്പോഴാണ് റെക്കോഡ് ചെയ്തതെന്ന് ഓർമ്മയില്ലെന്നാണ് സ്വപ്ന ഇക്കാര്യത്തിൽ പറയുന്നത്. ശബ്ദസന്ദേശം സ്വപ്‌നയുടേതാണോ എന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്നാണ് ജയിൽ ഡി ജി പി ഋഷിരാജ് സിംഗ് പറയുന്നത്. ശബ്ദസന്ദേശം പുറത്തുവന്നത് സംബന്ധിച്ച അന്വേഷണത്തിന് ഡി ഐ ജി. അജയകുമാറിനെയാണ് ഋഷിരാജ് സിംഗ് ചുമതലപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനെപ്പറ്റി സ്വപ്‌ന എൻഫോഴ്‌സ്‌മെന്റിനു മൊഴി നൽകിയത് ഈ മാസം പത്താം തീയതി ആയിരുന്നു. ശിവശങ്കറിന് സ്വർണക്കടത്തിലുളള ബന്ധത്തെപ്പറ്റിയും സ്വപ്‌ന ഈ ദിവസമാണ് മൊഴി നൽകിയത്. എന്നാൽ ശബ്‌ദരേഖയിൽ ഈ മാസം ആറിനാണ് മൊഴി നൽകിയതെന്നാണ് സ്വപ്‌ന പറയുന്നത്. ആറാം തീയതി ഇത്തരത്തിൽ മൊഴി എടുത്തിട്ടില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നത്. അത് കൊണ്ട് തന്നെ ഈ ശബ്ദ രേഖ റെക്കോർഡ് ചെയ്തത് ഈ മാസം പത്താം തീയതിക്ക് ശേഷമാണ് എന്ന് വ്യക്തമാകുന്നു. ജയിലിൽ വെച്ചോ ജയിലിനു പുറത്ത് വെച്ചോ പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടെ മാത്രമായിരിക്കും കസ്റ്റഡിയിൽ കഴിയുന്ന ഒരു പ്രതിയുടെ ശബ്ദരേഖ റെക്കോർഡ് ചെയ്യാൻ കഴിയൂ.
അതേസമയം, സ്വപ്‌നയുടെ ശബ്‌ദരേഖയിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചു. അന്വേഷണം വഴിതെറ്റിക്കാൻ ബോധപൂർവം റെക്കോർഡ് ചെയ്‌ത് ശബ്‌ദരേഖ പുറത്തുവിട്ടതെന്നാണ് എഎൻഫോഴ്‌സ്‌മെന്റ് ഇക്കാര്യത്തിൽ സംശയിക്കുന്നത്. ബുധനാഴ്ച രാത്രി തന്നെ ശബ്‌ദരേഖ പുറത്തുവന്ന കാര്യം എൻഫോഴ്‌സ്‌മെന്റ് അറിഞ്ഞിരുന്നതാണ്. ഉടൻ തന്നെ എൻഫോഴ്‌സ്‌മെന്റ് പ്രാഥമിക അന്വേഷണവും നടത്തിയിരുന്നു. ശബ്‌ദരേഖയിൽ ഒരിടത്തും സ്വപ്‌ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെപ്പറ്റി പരാമർശിക്കുന്നില്ല. സംഭവത്തിൽ വിശദമായ അന്വേഷണമാണ് എൻഫോഴ്‌സ്‌മെന്റിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. സ്വപ്‌ന മൊഴി നൽകിയ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടക്കവെ ഇത്തരം ഒരു ശബ്‌ദരേഖ പുറത്ത് വന്നിരിക്കുന്നത് കേസ് വഴിതെറ്റിക്കാനുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്.