എപ്സ്റ്റീൻ കേസ്; ആൻഡ്രു രാജകുമാരന്റെ രാജകീയ പദവികൾ പിൻവലിച്ച് ബക്കിംഗ്ഹാം കൊട്ടാരം

ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ചാൾസ് രാജാവിന്റെ സഹോദരൻ ആൻഡ്രു രാജകുമാരന്റെ എല്ലാ രാജകീയ പദവികളും ബഹുമതികളും പിൻവലിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം പ്രഖ്യാപിച്ചു. ഇതോടൊപ്പം വിൻഡ്സർ എസ്റ്റേറ്റിലെ വസതി ഒഴിഞ്ഞ്, അദ്ദേഹം സ്വകാര്യ വസതിയിലേക്ക് മാറണമെന്നും കൊട്ടാരം നിർദേശിച്ചു.
‘ആൻഡ്രു രാജകുമാരന്റെ ഔദ്യോഗിക പദവികളും ബഹുമതികളും നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇനി മുതൽ അദ്ദേഹം “ആൻഡ്രു മൗണ്ട്ബാറ്റൺ വിൻഡ്സർ” എന്ന പേരിലാണ് അറിയപ്പെടുക. തന്റെ മേൽ ഉന്നയിച്ച ആരോപണങ്ങൾ അദ്ദേഹം നിഷേധിക്കുന്നുണ്ടെങ്കിലും ഈ നടപടി അനിവാര്യമായതാണ്,’ ബക്കിംഗ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മുന്പ് ഡ്യൂക്ക് ഓഫ് യോര്ക്ക് പദവി വഹിച്ചിരുന്ന ആൻഡ്രു, വിൻഡ്സർ എസ്റ്റേറ്റിൽ നിന്നു നോർഫോക്ക് കൗണ്ടിയിലെ ചാൾസ് രാജാവിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലേക്കാണ് താമസം മാറ്റുന്നത്. അദ്ദേഹത്തിന്റെ വസതിചെലവുകൾ രാജാവ് തന്നെ വഹിക്കുമെന്നാണ് റിപ്പോർട്ട്.
ഒക്ടോബർ 19-ന് ആൻഡ്രു രാജകുമാരൻ യോർക്ക് പ്രഭുവുൾപ്പെടെ എല്ലാ രാജകീയ പദവികളും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. രാജകുടുംബത്തിന് അപകീർത്തിയുണ്ടാകാതിരിക്കാൻ തന്നെയാണ് ഈ തീരുമാനം എടുത്തതെന്ന്, ചാൾസ് രാജാവുൾപ്പെടെയുള്ള കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷമാണ് താൻ തീരുമാനം കൈക്കൊണ്ടതെന്നും ആൻഡ്രു വ്യക്തമാക്കിയിരുന്നു.
യോർക്ക് പ്രഭു പദവി ഉപേക്ഷിച്ചിട്ടും, എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനെന്ന നിലയിൽ ആൻഡ്രു രാജകുമാരൻ എന്ന പദവി നിലനിൽക്കും. എന്നാൽ മുൻഭാര്യ സാറാ ഫെർഗൂസൻ പ്രഭുവി പദവി നഷ്ടപ്പെടും. മക്കളായ ബിയാട്രീസ്, യൂജിനി എന്നിവർക്ക് രാജകുമാരികളെന്ന പദവി തുടരും.
Tag: Buckingham Palace strips Prince Andrew of royal titles cancels following Epstein scandal
 
				


