ബെംഗളൂരു- ഹൈദരാബാദ് ദേശീയ പാതയിൽ ബസിന് തീപിടിച്ചു; 32 പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു- ഹൈദരാബാദ് ദേശീയ പാതയിൽ ബസിന് തീപിടിച്ച് 32 പേർ മരിച്ചു. കുർണൂൽ ജില്ലയിലെ ചിന്ന ടെകുരു ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കാവേരി ട്രാവൽസിന്റെ ബസാണ് കത്തിയത്. ഒരു ബൈക്കിൽ ഇടിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് ബസിൽ 42 യാത്രക്കാർ ഉണ്ടായിരുന്നു.
മിനിറ്റുകൾക്കുള്ളിൽ വാഹനം പൂർണമായും കത്തിനശിച്ചു. അടിയന്തര വാതിൽ (എമർജൻസി വിൻഡോ) വഴി 12 യാത്രക്കാർ രക്ഷപ്പെട്ടു. മറ്റുള്ളവർ ബസിനുള്ളിൽ കുടുങ്ങുകയായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അഗ്നിശമന സേനയും സ്ഥലത്തുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
സംഭവത്തിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം എക്സിൽ കുറിച്ചത് ഇപ്രകാരമാണ്: “കുർണൂൽ ജില്ലയിലെ ചിന്ന ടെക്കൂർ ഗ്രാമത്തിനടുത്ത് ഉണ്ടായ ബസ് തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞപ്പോൾ എനിക്ക് ഞെട്ടലുണ്ടായി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർക്കും ദുരിതബാധിതരായ കുടുംബങ്ങൾക്കും സർക്കാർ അധികൃതർ സാധ്യമായ എല്ലാ പിന്തുണയും നൽകും.”
Tag: Bus catches fire on Bengaluru-Hyderabad national highway; 32 people die tragically



