ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളെ ഒഴിവാക്കി കൂടെയെന്ന് പാര്‍ട്ടികളോട് ടിക്കാറാം മീണ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഒരുക്കങ്ങള്‍ സജീവമാവുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ കേന്ദ്രസേന വേണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ക്രിമിനല്‍ പശ്ചാത്തലമുളള സ്ഥാനാര്‍ഥികളെ ഒഴിവാക്കിക്കൂടെയെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലബാര്‍ മേഖലയിലെ പ്രശ്നബാധിതബൂത്തുകളില്‍ കൂടുതല്‍ കേന്ദ്രസേനവേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കളളവോട്ടിന് സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും. ഇതിനായി 150 കമ്ബനി കേന്ദ്ര സേനയെ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസേനയുടെ ആദ്യസംഘം വ്യാഴാഴ്ച വരും. 25 കമ്ബനി സേനയാണ് വരുന്നത്. പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് സേനയെ വിന്യസിക്കുന്നത്.
സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം മൂന്നു തവണ പരസ്യപ്പെടുത്തണം. ഇത്തവണ ഒരു ബൂത്തില്‍ ആയിരം വോട്ടര്‍മാരാകും ഉണ്ടാകുക. അതിനാല്‍ 15730 അധികബൂത്തുകള്‍ വേണം. രാഷ്ട്രീയ പാര്‍ട്ടികളെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ടിക്കാറാം മീണ മുന്നറിയിപ്പ് നല്കി.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്ന നടപടിയും ആരംഭിച്ചു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തന്നെയാണ് വാക്സിന്‍ ആദ്യം സ്വീകരിച്ചത്. വരും ദിവസങ്ങളി ഡ്യൂട്ടിക്കുള്ള കൂടുതല്‍ ഉദ്യോഗസ്ഥര്‍ വാക്സിന്‍ സ്വീകരിക്കും.