Latest NewsNational

മൈസൂരു കൂട്ടബലാത്സംഗം: പ്രതികളെ കുരുക്കിയത് ‘ബസ് ടിക്കറ്റ്’, വ്യക്തമാക്കി പോലീസ്

ബെംഗളൂരു: മൈസൂരുവില്‍ കോളേജ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ പോലീസ് അന്വേഷണത്തിന് തുമ്ബുണ്ടാക്കിയത് ഒരു ബസ് ടിക്കറ്റ്. പ്രതികള്‍ പെണ്‍കുട്ടിയെ ആക്രമിച്ച ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് കിട്ടിയ ബസ് ടിക്കറ്റില്‍ നിന്ന് തുടങ്ങിയ അന്വേഷണമാണ് കുറ്റവാളിലേക്ക് എത്തുന്നതിന് അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ഈ മാസം 24നു വൈകിട്ടാണ് സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സിലെത്തിയ പെണ്‍കുട്ടിയെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തത്. കുറ്റകൃത്യം നടന്നത്തിന്റെ പിറ്റേന്ന് പുലര്‍ച്ചെ തന്നെ പോലീസ് പ്രദേശം അരിച്ചുപെറുക്കി. തമിഴ്നാട്ടിലെ താല്‍വാഡിയില്‍നിന്നു കര്‍ണാടകയിലെ ചമരജാനഗറിലേക്കെടുത്ത ഒരു ടിക്കറ്റും ഒഴിഞ്ഞ മദ്യക്കുപ്പികളും മാത്രമാണ് സംഭവ സ്ഥലത്തുനിന്ന് പോലീസിന് കണ്ടെടുക്കാനായത്.

ബസ് ടിക്കറ്റില്‍നിന്ന് സ്ഥലത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതോടെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുകയായിരുന്നു. ചമരജാനഗര്‍- തല്‍വാഡി റൂട്ടിലെ ടവറും കുറ്റകൃത്യം നടന്ന സ്ഥലത്തിനു സമീപമുള്ള മൊബൈല്‍ ടവറും ലൊക്കേഷനായി ഉണ്ടായിരുന്നത് ഒരേയൊരു നമ്ബര്‍ മാത്രമായിരുന്നു. കുറ്റവാളികളെ തിരിച്ചറിയാന്‍ ഇത് സഹായകമായെന്നും പോലീസ് പറയുന്നു.

അതേസമയം പ്രതികളെ ശാസ്ത്രീയവും, സാങ്കേതികവുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയതെന്ന് ഐജി പ്രദീപ് സൂദ് വ്യക്തമാക്കി. എന്നാല്‍ തെളിവുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയാറായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button