സി. അച്യുതമേനോന്‍ ഓര്‍മയായിട്ട് ഇന്ന് 30 വര്‍ഷം
സി. അച്യുതമേനോന്‍ ഓര്‍മയായിട്ട് ഇന്ന് 30 വര്‍ഷം തികയുന്നു. ജനമനസ്സുകളില്‍ ഇന്നും അദ്ദേഹം മരിക്കാതെ ജീവിക്കുന്നു. നേതാക്കളുടെ ധൂര്‍ത്തിന്റെ കഥ വായിക്കുമ്പോള്‍ ഇന്നും ആളുകള്‍ അച്യുതമേനോനെന്ന മുന്‍ മുഖ്യമന്ത്രിയെ ഓര്‍ക്കുന്നു. പ്രതിമകളില്ല, നാടുനീളെ സ്മാരകങ്ങളുമില്ല. എന്നിട്ടും ജനമനസ്സുകളില്‍ അദ്ദേഹം ജീവിക്കുന്നു.
തൃശൂര്‍ ജില്ലയില്‍ പുതുക്കാടിനടുത്ത് രാപ്പാള്‍ ദേശത്ത് മഠത്തില്‍ വീട്ടില്‍ കുട്ടന്‍മേനോന്‍ എന്ന അച്യുതമേനോന്റെയും ചേലാട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി 1913 ജനുവരി 13-ന് അദ്ദേഹം ജനിച്ചു. സാഹിത്യകാരനും, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവുമായിരുന്നു അദ്ദേഹം. 1969 നവംബര്‍ 1 മുതല്‍ 1970 ഓഗസ്റ്റ് 1 വരെയും 1970 ഒക്ടോബര്‍ 4 മുതല്‍ 1977 മാര്‍ച്ച് 25 വരെയും കേരളാ മുഖ്യമന്ത്രിയായിരുന്നു. തുടര്‍ച്ചയായി രണ്ടു തവണ മുഖ്യമന്ത്രി പദവി വഹിച്ച ആദ്യ കേരളീയനാണ് സി. അച്യുത മേനോന്‍. മുഖ്യമന്ത്രി പദവി ഒഴിഞ്ഞ ശേഷം തൃശൂരിലും തിരുവനന്തപുരത്തുമായി എഴുത്തും വായനയും രാഷ്ട്രീയവുമായി അദ്ദേഹം ജീവിച്ചു. പാര്‍ട്ടി പദവികളില്‍ നിന്നും മാറി നില്‍ക്കാന്‍ സ്വയം തീരുമാനിച്ചു.
ക്വിറ്റ് ഇന്ത്യ സമരം മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധനം വരെ പല സമയത്തും അദ്ദേഹം ജയിലിലായിരുന്നു. അദ്ദേഹം തന്റെ ത്യാഗജീവിതം ഒരിടത്തുപോലും പ്രസംഗിച്ചില്ല. തൃശൂര്‍ നഗരത്തില്‍ ഇന്നും അദ്ദേഹത്തിനു പ്രതിമകളോ സ്മാരകങ്ങളോ ഇല്ല. 3 വര്‍ഷം മുന്‍പു പ്രതിമ സ്ഥാപിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചെങ്കിലും ഇപ്പോഴും സ്ഥലം അന്വേഷിച്ചു നടക്കുകയാണ്.
ഈ നഗരത്തില്‍ ജനിച്ചു ജീവിച്ച കെ. കരുണാകരനും പഠിച്ച ഇഎംഎസിനും ഇവിടെ പ്രതിമയുണ്ട്. സ്മാരകവും പ്രതിമയും വേണ്ടെന്ന് അച്യുതമേനോന്‍ പറഞ്ഞു എന്നതായിരുന്നു ഇതുവരെ സിപിഐ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനു ആധികാരികമായ രേഖകള്‍ ഒന്നുമില്ല. അച്യുതമേനോന്‍ താമസിച്ചിരുന്ന സാകേതം എന്ന വീട് കോസ്റ്റ്‌ഫോര്‍ഡ് ഏറ്റെടുത്തു സ്മാരകമാക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പേരില്‍ ലൈബ്രറിയും സെമിനാര്‍ ഹാളും നിര്‍മിക്കാനായി ഈ വീടു വിറ്റു. വീടു നിന്നിരുന്ന സ്ഥലത്ത് കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിക്കാന്‍ അനുമതി കിട്ടാത്തതിനാലായിരുന്നു ഇത്.