”സദാനന്ദനെ മന്ത്രിയാക്കിയാൽ അത് രാഷ്ട്രീയ ചരിത്രമാകും, അതാണെന്റെ ആഗ്രഹം”; കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

സി. സദാനന്ദൻ എംപി മന്ത്രിയാകണമെന്നാണ് പ്രാർഥനയെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി.
സദാനന്ദന്റെ പാർലമെന്റ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സദാനന്ദനെ മന്ത്രിയാക്കിയാൽ അത് രാഷ്ട്രീയ ചരിത്രമാകും എന്ന് സുരേഷ് ഗോപി പറഞ്ഞു. “അദ്ദേഹത്തിന്റെ എംപി ഓഫീസ് തുറന്നപ്പോൾ ഞാൻ പ്രാർഥിച്ചത്, ഇത് വൈകാതെ ഒരു മന്ത്രിയുടെ ഓഫിസായി മാറട്ടെ എന്നായിരുന്നു. ആ കസേരയിലേക്ക് ഒരു മന്ത്രിയെ ഇരുത്താൻ എനിക്കും ഭാഗ്യം ലഭിക്കട്ടെ എന്നതാണ് എന്റെ പ്രാർഥന,” അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുത്ത ആദ്യ ബിജെപി എംപി എന്ന നിലയിൽ പാർട്ടിക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും, അതിന്റെ ഭാഗമായി തന്നെ മന്ത്രിയാക്കപ്പെട്ടതാകാമെന്നും സുരേഷ് ഗോപി പറഞ്ഞു. “എന്നെ ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കിയാൽ അത് കേരളത്തിലെ പുതിയ രാഷ്ട്രീയ ചരിത്രമാകും. ഞാൻ ചെയ്യേണ്ട കാര്യങ്ങൾ ഇദ്ദേഹത്തെ കൊണ്ട് ചെയ്യിപ്പിക്കാനാണ് ആഗ്രഹം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ജനസമ്പർക്ക പരിപാടി ജനങ്ങൾക്ക് ഗുണകരമാണെന്നും, അതിലൂടെ ജനങ്ങൾക്കിടയിൽ മനഃശുദ്ധിയും രാഷ്ട്രീയ ശുദ്ധിയും വളരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. “അതാണ് എതിരാളികളെ ഭയപ്പെടുത്തുന്നത്. ഒന്നിനെയും വെറുതെ വിടില്ല. പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കേണ്ടതില്ല,” എന്നും അദ്ദേഹം പറഞ്ഞു.
ജൂലൈയിൽ രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ച് സദാനന്ദനെ രാജ്യസഭാംഗമായി നാമനിർദേശമുണ്ടായിരുന്നു. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയായ സദാനന്ദൻ, 1994-ൽ സിപിഎം ആക്രമണത്തിൽ കാൽ നഷ്ടപ്പെട്ടിരുന്നു.
Tag: If C. Sadanandan is made a minister, it will be political history, that is my wish”; Union Minister of State Suresh Gopi