ബിജെപി പ്രവർത്തകർക്ക് കൊവിഡ് ബാധിക്കില്ല; എംഎൽഎയുടെ പ്രസ്‌താവന ചർച്ചയാകുന്നു

ഗാന്ധിനഗർ: ബിജെപി പ്രവർത്തകർക്ക് കൊവിഡ് ബാധിക്കില്ലെന്ന പ്രസ്‌താവനയുമായി ഗുജറാത്തിൽ നിന്നുളള ബിജെപി എം.എൽ.എ. രാജ്‌കോട്ട് സൗത്തിൽ നിന്നുളള എം.എൽ.എയായ ഗോവിന്ദ് പട്ടേലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. രാജ്യത്ത് കൊവിഡ് നിരക്ക് വർദ്ധിക്കുന്നത് രാഷ്‌ട്രീയ പാർട്ടി നേതാക്കളും അണികളും കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനാലാണോ എന്ന ചോദ്യത്തിനാണ് എം.എൽ.എ ഇങ്ങനെ മറുപടി നൽകിയത്.
കഠിനാധ്വാനികൾക്ക് കൊവിഡ് ബാധിക്കില്ല. ബിജെപി പ്രവർത്തകർ കഠിനാധ്വാനികളാണ്. അതിനാൽ ഒരു പ്രവർത്തകനുപോലും കൊവിഡ് രോഗമുണ്ടാകില്ല. ഗോവിന്ദ് പട്ടേൽ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഒരു മാസം മുൻപാണ്.
ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയയാരുന്നു മുഖ്യമന്ത്രിക്ക് കൊവിഡ് ബാധിച്ചത്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പാട്ടീലിനും എംഎൽഎമാർക്കും ഉൾപ്പടെ വിവിധ മുതിർന്ന നേതാക്കൾക്കും രോഗബാധയുണ്ടായിരുന്നു. വടോദര എം.പിയായ രഞ്ജൻബെൻ ഭട്ട് ശനിയാഴ്‌ച കൊവിഡ് പോസിറ്റീവായിരുന്നു.
എന്നാൽ പ്രസ്‌താവന വിവാദമായതോടെ തൊഴിലാളികളെയാണ് ഉദ്ദേശിച്ചതെന്നും പാർട്ടി പ്രവർത്തകർ എന്ന് തെറ്റായി പറഞ്ഞതാണെന്നും ഗോവിന്ദ് പട്ടേൽ അഭിപ്രായപ്പെട്ടു.