പത്തനംതിട്ട കനറാ ബാങ്ക് തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു: കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചു
പത്തനംതിട്ട: പത്തനംതിട്ട കനറാ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അന്വേഷണ സംഘം കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചു. ബാങ്കിൽ നിന്ന് കോടികൾ തട്ടിയ കൊല്ലം സ്വദേശി വിജീഷ് വർഗീസ് ഞായറാഴ്ചയാണ് അറസ്റ്റിലായത്. ബാങ്കിലെ കൂടുതൽ ജീവനക്കാരെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.
കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയിലെ ജീവനക്കാരനായിരുന്നു വിജീഷ് വർഗീസ്. ബാങ്കിലെ വ്യക്തിഗത അക്കൗണ്ടുകളിൽ നിന്നുള്ളതിന് പുറമേ ഇൻഷുറൻസ് കമ്പനികളുടെ പണവും ഇയാൾ തട്ടിയെടുത്തതായി ഓഡിറ്റിംഗിൽ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം ബംഗളൂരുവിൽവച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പണത്തിന്റെ ഭൂരിഭാഗവും ഉപയോഗിച്ചത് ഓൺലൈൻ റമ്മി കളിക്കും, ഓഹരി വിപണിയിലെ നിക്ഷേപത്തിനുമാണെന്ന് പൊലീസിന്റെ നിഗമനം. 2019 ഡിസംബർ മുതൽ 2021 ഫെബ്രുവരിവരെയാണ് തട്ടിപ്പ് നടത്തിയത്. പണം സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെയും, ഭാര്യാപിതാവിന്റെയും പേരിൽ അവരറിയാതെ തുടങ്ങിയ അക്കൗണ്ടുകളിലേക്കും മാറ്റി. ഭാര്യയ്ക്കും ഭാര്യാപിതാവിനും തട്ടിപ്പിൽ പങ്കില്ലെന്ന പ്രാഥമിക വിലിരുത്തലിൽ തൽക്കാലം അവരെ കേസിൽ പ്രതിയാക്കിയിട്ടില്ല.