ഹോങ്കോങ് വിമാനത്താവളത്തിൽ ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നി കടലിലേക്കുവീണു; രണ്ട് ജീവനക്കാർ മരിച്ചു

ഹോങ്കോങ് വിമാനത്താവളത്തിൽ ലാൻഡിങ് സമയത്ത് ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നി കടലിലേക്കുവീണ അപകടത്തിൽ രണ്ട് വിമാനത്താവള ജീവനക്കാർ മരണമടഞ്ഞു. തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 3.50ഓടെയായിരുന്നു സംഭവം. തുർക്കിഷ് എയർലൈൻസിന്റെ സഹസ്ഥാപനമായ എസിടി എയർലൈൻസിന്റെ ദുബായിൽ നിന്ന് എത്തിയ ബോയിങ് 747 ചരക്കുവിമാനമാണ് ലാൻഡിങ് ചെയ്തതിനു പിന്നാലെ നിയന്ത്രണം തെറ്റി കടലിലേക്കുവീണത്.
അപകടത്തിനുശേഷം വിമാനം പകുതി വെള്ളത്തിനടിയിലായി, മുൻഭാഗവും വാലും വേർപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. അപകടസമയത്ത് വിമാനത്തിൽ ചരക്കില്ലായിരുന്നുവെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ. ലാൻഡിങ് സമയത്ത് റൺവേയിൽ നിന്ന് തെന്നിയ വിമാനം അവിടെ നിലകൊണ്ടിരുന്ന ഗ്രൗണ്ട് വാഹനത്തെ ഇടിച്ച് കടലിലേക്കു വീണതോടെയാണ് രണ്ട് വിമാനത്താവള ജീവനക്കാർക്ക് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തെ തുടർന്ന് വിമാനത്താവളത്തിലെ നോർത്ത് റൺവേ താൽക്കാലികമായി അടച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘങ്ങൾ സ്ഥലത്ത് പരിശോധന നടത്തിവരുന്നു.
Tag: Cargo plane skids off runway at Hong Kong airport, falls into sea; two crew members die