രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ കേസ്; പരാതിക്കാരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ച് മൊഴിയെടുത്തു
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പരാതി നൽകിയ അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ച് മൊഴിയെടുത്തു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു മൊഴിയെടുപ്പ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയിൽ, രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നായിരുന്നു ഷിന്റോയുടെ ആരോപണം. ഗുരുതരമായ വകുപ്പുകൾ ചുമത്തേണ്ട കുറ്റകൃത്യമാണിതെന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഗർഭഛിദ്രത്തിന് നിർബന്ധിതയായ യുവതിയുടെ മൊഴിയും ക്രൈംബ്രാഞ്ച് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. നേരിട്ട് പരാതി നൽകിയിട്ടില്ലെങ്കിലും, അതിജീവിത സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണം നടത്തുന്ന സംഘം. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗം ഇതിൽ നടപടി സ്വീകരിക്കുമെന്നും അറിയിക്കുന്നു.
രാഹുലിനെതിരെ ആരോപണം ഉന്നയിച്ച സിനിമാതാരവും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്, ട്രാൻസ് വനിതയായ അവന്തിക എന്നിവർ ഉൾപ്പെടെ നിരവധി പേരിൽ നിന്ന് മൊഴിയെടുക്കാനുള്ള നീക്കവും നടക്കുകയാണ്. പൊതുപ്രവർത്തകൻ എ. എച്ച്. ഹഫീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഓഗസ്റ്റ് 27-ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നാല് മാസം വളർന്നു വന്ന ഭ്രൂണത്തെ ഗർഭഛിദ്രം ചെയ്യാൻ സമ്മതിപ്പിക്കാൻ ശ്രമിക്കുകയും, സമ്മതിക്കാത്തപക്ഷം ശാരീരികമായി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപണങ്ങളാണ് പരാതിയിൽ ഉള്ളത്.
ഇതിന്റെ അടിസ്ഥാനത്തിൽ, സ്ത്രീകളെ അവരുടെ താൽപ്പര്യത്തിന് വിരുദ്ധമായി സോഷ്യൽ മീഡിയ വഴി പിന്തുടർന്ന് ശല്യം ചെയ്‌തു, മാനസിക പീഡനം ഉണ്ടാക്കി, നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ അയച്ചു, ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്.
Tag: Case against MLA Rahul Mangkoottathil; Crime Branch summons complainant and records statement