രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ കേസ്; കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച്
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് നടപടി ആരംഭിച്ചു. പരാതി നൽകിയവരോടൊപ്പം യുവതികളുമായി ബന്ധപ്പെട്ട് സംസാരിച്ചവരുടെയും മൂന്ന് വനിതാ മാധ്യമപ്രവർത്തകരുടെയും മൊഴികളും സംഘം ശേഖരിക്കും.
ഭീഷണിപ്പെടുത്തി ഗർഭഛിദ്രത്തിന് വിധേയരാക്കിയ യുവതികളുടെ മെഡിക്കൽ രേഖകളും അന്വേഷണ സംഘത്തിന്റെ കൈവശമാകും. ഇതിന് ശേഷം ഇരകളായ യുവതികളുടെ വിശദമായ മൊഴികളും രേഖപ്പെടുത്തും. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗർഭഛിദ്രത്തിന് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖകളും ചാറ്റ് സന്ദേശങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ തെളിവുകൾ കണ്ടെത്തുകയെന്നതാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം.
ഈ കേസിൽ ക്രൈംബ്രാഞ്ച് നേരത്തെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചിരുന്നു. സോഷ്യൽ മീഡിയ വഴിയുള്ള പിന്തുടരൽ, ഫോൺ വഴി ഭീഷണിപ്പെടുത്തൽ, ഗർഭഛിദ്രത്തിന് നിർബന്ധിച്ച് സന്ദേശങ്ങൾ അയയ്ക്കൽ എന്നിവയാണ് ചുമത്തപ്പെട്ട പ്രധാന കുറ്റങ്ങൾ. അഞ്ച് പേരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ബി.എൻ.എസ്. 78(2), 351, പൊലീസ് ആക്ട് 120 എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.
ഗർഭഛിദ്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ബെംഗളൂരുവിലെ ഒരു ആശുപത്രിയിൽ നിന്ന് ശേഖരിക്കപ്പെട്ടിട്ടുണ്ട്. രാഹുലിനെതിരെ ആരോപണം ഉന്നയിച്ച യുവതി അവിടെ ചികിത്സയ്ക്ക് വിധേയയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രണ്ടു യുവതികൾ ഗർഭഛിദ്രത്തിന് വിധേയരായെന്ന വിവരം ലഭിച്ചതായി സൂചനകളും പുറത്തുവന്നിട്ടുണ്ട്. ആദ്യമായി ഗർഭഛിദ്രത്തിന് വിധേയയായ യുവതിയും ബന്ധുവും, രണ്ടാമത്തെ യുവതിയെ സഹായിച്ചുവെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് നീക്കമെടുത്തിരിക്കുന്നത്.
Tag: Case against MLA Rahul Mangkootathil; Crime Branch to record statements of more people