കഥകളിയാചാര്യന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി വിട പറഞ്ഞു
തിരുവനന്തപുരം: കഥകളിയാചാര്യന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി (81) അന്തരിച്ചു. അഭിനയമികവ് കൊണ്ട് താടി വേഷങ്ങളെ മികവുറ്റതാക്കാന്‍ സാധിച്ച വ്യക്തിയാണ് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി.
1940 ഫെബ്രുവരി 5 ന് എറണാകുളം ചേരാനല്ലൂരില്‍ നെല്ലിയോട് മനയില്‍ വിഷ്ണു നമ്പൂതിരിയുടെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായാണ് വാസുദേവന്‍ നമ്പൂതിരിയുടെ ജനനം. കഥകളി അധ്യാപകനായിരുന്ന അദ്ദേഹം ആട്ടക്കഥാ രചയിതാവും കൂടിയാണ്.
വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയാണ് പൂജപ്പുര ചാടിയറയിലെ നെല്ലിയോടു മനയില്‍ വച്ച് മരണപ്പെടുകയായിരുന്നു. അങ്കമാലി നായത്തോട് പറവട്ടത്തുമനയിലെ ശ്രീദേവി അന്തര്‍ജനമായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ.
കേന്ദ്ര സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങളും കേരള സര്‍ക്കാരിന്റെ കഥകളി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതേസമയം ചുവന്നതാടി, വട്ടമുടി, പെണ്‍കരി വേഷങ്ങളുടെ അവതരണത്തില്‍ ശ്രദ്ധയനായിരുന്നു വാസുദേവന്‍ നമ്പൂതിരി. 1975 മുതല്‍ 95 വരെ തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളിലും ജവാഹര്‍ ബാലഭവനിലും കഥകളി ആചാര്യനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ശ്രീരാമോദന്തം, ശ്രീകൃഷ്ണവിലാസം, നാരായണീയം തുടങ്ങിയവയുടെ തര്‍ജമയും സംസ്‌കൃതത്തില്‍ ഗായത്രി രാമായണവും താടി വേഷങ്ങളെക്കുറിച്ച് ‘ആഡേപതാണ്ഡവം’ എന്ന കൃതിയും രചിച്ചു. രാസക്രീഡ എന്ന ആട്ടക്കഥയും അദ്ദേഹത്തിന്റെ ശൃഷ്ടിയായിരുന്നു. കഥകളി നടന്‍ നെല്ലിയോട് വിഷ്ണു നമ്പൂതിരി, മായാദേവിയുമാണ് മക്കള്‍. ഇന്ന് ഉച്ചകഴിഞ്ഞ് അന്ത്യോപചാര ചടങ്ങുകളോടെ സംസ്‌കാരം നടത്തും.