രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസ് ; അന്വേഷണ സംഘത്തിൽ സൈബര്‍ വിദഗ്ധരും
പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസിൽ അന്വേഷണം ശക്തമാക്കുന്നു. അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരെയും ഉൾപ്പെടുത്താൻ തീരുമാനിച്ചു. രണ്ട് ദിവസത്തിനകം ടീമംഗങ്ങളെ അന്തിമമായി നിശ്ചയിക്കും.
ആദ്യഘട്ട അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് പേരുടെ മൊഴി സ്വീകരിക്കും. റിനി ജോർജ്, അവന്തിക, ഹണി എന്നിവരുടെ മൊഴിയെടുക്കാനാണ് തീരുമാനം. ഭീഷണിപ്പെടുത്തി ഗർഭചിദ്രത്തിന് നിർബന്ധിപ്പിച്ച സംഭവത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. രാഹുലിന്റെ ഫോൺ സംഭാഷണങ്ങളുള്‍പ്പെടെയുള്ള തെളിവുകൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഭയത്തെ തുടർന്ന് പെൺകുട്ടികൾ നേരിട്ട് പരാതി നൽകാൻ തയ്യാറായിട്ടില്ലെങ്കിലും, പരാതിക്കാർക്ക് സർക്കാർ സംരക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. കേസെടുത്ത വിവരം പങ്കുവെക്കാൻ പൊലീസ് കഴിഞ്ഞ ദിവസം അസാധാരണ വാർത്താക്കുറിപ്പും പുറത്തിറക്കി. സ്ത്രീകളെ അവരുടെ താൽപര്യത്തിന് വിരുദ്ധമായി സോഷ്യൽ മീഡിയയിൽ പിന്തുടർന്നതും ശല്യം ചെയ്തതും, മാനസിക പീഡനത്തിന് ഇടയാക്കിയതും, നിർബന്ധിത ഗർഭചിദ്രത്തിന് പ്രേരിപ്പിക്കുന്ന തരത്തിൽ സന്ദേശങ്ങൾ അയച്ചതും, ഫോൺ വഴി ഭീഷണിപ്പെടുത്തിയതുമാണ് കേസ് രജിസ്റ്റർ ചെയ്ത പ്രധാന കുറ്റങ്ങൾ.
ബിഎൻഎസ് 78(2), ബിഎൻഎസ് 351, കേരള പൊലീസ് ആക്ട് 120(O) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികൾ പരിശോധിച്ചപ്പോൾ അവ കോഗ്നൈസിബിൾ ഒഫൻസ് വിഭാഗത്തിൽപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്ന്, അദ്ദേഹത്തിന്റെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് കേസ് എടുത്തുവെന്ന് അറിയിപ്പിൽ പറയുന്നു. അന്വേഷണ ചുമതല തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്പി സി. ബിനുകുമാറിനാണ്.
ബിഎൻഎസ് 78(2) (സ്ത്രീകളെ പിന്തുടരുക): മൂന്ന് വർഷം വരെ തടവ് ലഭിക്കുന്ന കുറ്റം. ആവർത്തിച്ചാൽ അഞ്ച് വർഷം വരെ തടവും ജാമ്യമില്ല.
ബിഎൻഎസ് 351 (ഭീഷണിപ്പെടുത്തൽ): രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന, ജാമ്യമുള്ള കുറ്റം.
കേരള പൊലീസ് ആക്ട് 120(O) (ഭീഷണിസന്ദേശം): ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം.
രാഹുലിനെതിരെ വിവാദം ഉയർന്നത് നടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലിൽ. “ഒരു യുവ നേതാവ് അശ്ലീല സന്ദേശം അയച്ചു; ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് വിളിച്ചു” എന്നായിരുന്നു. തുടർന്ന് രാഹുൽ ഒരു യുവതിയെ ഗർഭചിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണങ്ങളും പുറത്തുവന്നു. ആരോപണങ്ങൾ ശക്തമായതോടെ പാർട്ടിയിനകത്തും സമ്മർദ്ദം കൂടിയപ്പോൾ, അദ്ദേഹം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചു. എന്നാൽ എംഎൽഎ സ്ഥാനത്ത് തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Tag: Case against Rahul Mangkootam; Cyber experts also in the investigation team