keralaKerala NewsLatest News

രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസ്; സ്ത്രീകൾ മൊഴി നൽകാൻ വിസമ്മതിച്ചാൽ, പൊലീസ് നിയമോപദേശം തേടും

രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസിൽ സ്ത്രീകൾ മൊഴി നൽകാൻ വിസമ്മതിച്ചാൽ, പൊലീസ് നിയമോപദേശം തേടും. ഇതുവരെ ആരും നേരിട്ട് പരാതി നൽകിയിട്ടില്ലാത്തതിനാൽ, ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്ന മൊഴികളിൽ ഉറച്ച തെളിവുകൾ ലഭിച്ചാൽ മാത്രമേ അന്വേഷണം മുന്നോട്ടുപോകുകയുള്ളൂ. സോഷ്യൽ മീഡിയ വഴി സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നാരോപിച്ച് ക്രൈംബ്രാഞ്ച് സ്വമേധയായാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഡിവൈഎസ്പി എൽ. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. രാഹുലിനെതിരെ ഏകദേശം 13 പരാതികളാണ് ലഭിച്ചിരിക്കുന്നത്. അതിൽ പത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയിൽ വഴി ലഭിച്ചതാണ്. പരാതിക്കാരുടെ മൊഴികളും തെളിവുകളും ശേഖരിച്ചശേഷം മാത്രമേ രാഹുലിനെ ചോദ്യം ചെയ്യുകയുള്ളു. ഇതോടൊപ്പം, ലൈംഗികാരോപണ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയാണെന്ന് നിയമസഭാ സ്പീക്കറെ അറിയിക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണ്. അടുത്ത ആഴ്ച ആരംഭിക്കുന്ന സഭാസമ്മേളനത്തെ മുന്നിൽക്കണ്ടുള്ള നീക്കമാണിത്. ഗർഭഛിദ്രവുമായി ബന്ധപ്പെട്ട ശബ്ദരേഖയിലെ യുവതിയെ കണ്ടെത്താൻ മാധ്യമപ്രവർത്തകരിൽ നിന്നും വിവരം ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഔദ്യോഗികമായി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും, അംഗങ്ങൾക്ക് സഭയിൽ പങ്കെടുക്കുന്നതിന് തടസ്സമില്ലെന്നും സ്പീക്കർ എ.എൻ. ഷംസീർ വ്യക്തമാക്കി. എന്നാൽ, രാഹുലിനെതിരെ പ്രതിഷേധം ഉണ്ടാകുമോ എന്നതു താൻ പ്രവചിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാഹുലിന്റെ വിഷയം, മുൻപ് ഉയർന്ന മുകേഷിന്റെ വിഷയവുമായി താരതമ്യം ചെയ്യാനാവില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് വ്യക്തമാക്കി. നിയമസഭയിൽ അതുയർത്തി കോൺഗ്രസിന് പ്രതിരോധം തീർക്കാനാവില്ലെന്നും, സഭയ്ക്കകത്തും പുറത്തും രാഹുൽ മാങ്കൂട്ടത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Tag: Case against Rahul Mangkoottam; If women refuse to give statements, police will seek legal advice

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button