റാപ്പർ വേടനെതിരായ കേസ്; കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി
റാപ്പർ വേടനെതിരായ കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ രാഷ്ട്രീയ പ്രേരിത നീക്കമാണ് നടക്കുന്നതെന്ന് കുടുംബം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് തന്നെ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി വേടൻ കോടതിയെ അറിയിച്ചിരുന്നു. അതിന് തെളിവുകളും തനിക്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ജാമ്യഹർജി പരിഗണിക്കുമ്പോഴേക്കും വേടനെതിരെ മറ്റ് രണ്ട് പരാതികളും ഉയർന്നത്, സംഘടിത ശ്രമത്തിന്റെ ഭാഗമാണെന്ന് കുടുംബം പരാതിയിൽ സൂചിപ്പിക്കുന്നു.
പരാതിയിൽ പ്രാഥമിക അന്വേഷണം ഉടൻ ആരംഭിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ബലാത്സംഗ കേസിൽ വേടന്റെ ചോദ്യം ചെയ്യൽ ഇന്നലെ പൂർത്തിയായി. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ വിട്ടയച്ചു. കേസിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, “കോടതി പരിഗണിക്കുന്ന വിഷയമായതിനാൽ ഇപ്പോൾ ഒന്നും പറയാനില്ല, എല്ലാം പിന്നീട് പറയും” എന്നാണ് വേടന്റെ മറുപടി. കോടതി നടപടികളോട് സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Tag: Case against rapper Vedan; Family files complaint with Chief Minister demanding further investigation