എംഎൽഎ കെ. പി. മോഹനനെതിരായ കയ്യേറ്റശ്രമത്തിൽ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ കേസ്
കൂത്തുപറമ്പ് എംഎൽഎയും മുൻ മന്ത്രിയുമായ കെ.പി. മോഹനനെതിരേ ഉണ്ടായ കയ്യേറ്റശ്രമത്തിൽ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. ചൊക്ലി പൊലീസ് 25 പേരെ പ്രതികളാക്കി കേസെടുത്തു.
കരിയാട് അങ്കണവാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം. പ്രദേശത്തെ ഒരു ഡയാലിസിസ് സെന്ററിൽ നിന്നുള്ള മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നതിനെതിരെ നാട്ടുകാർ മാസങ്ങളായി പ്രതിഷേധം നടത്തിവരികയായിരുന്നു. പ്രതിഷേധക്കാർക്കിടയിലൂടെ നടന്ന് പോകുന്നതിനിടെ എംഎൽഎയെ പിടിച്ചു തള്ളുകയും കയ്യേറ്റശ്രമവും വാക്കേറ്റവും ഉണ്ടാവുകയും ചെയ്തു. അന്ന് എംഎൽഎ ഒറ്റയ്ക്കായിരുന്നുവെന്നും, പാർട്ടിക്കാരോ സഹായികളോ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച കെ.പി. മോഹനൻ, പോലീസിൽ പരാതി നൽകില്ലെന്നും, സ്വമേധയാ കേസ് എടുത്താൽ സഹകരിക്കുമെന്നും അറിയിച്ചു. നാട്ടുകാരുടെ പ്രവർത്തി ബോധപൂർവ്വമായിരുന്നില്ലെന്നും, പ്രതിഷേധക്കാർക്ക് പ്രത്യേക രാഷ്ട്രീയ ഉദ്ദേശ്യമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാലിന്യ പ്രശ്നത്തിൽ ഇടപെടലുകൾ നടന്നിട്ടുണ്ടെന്നും, ഒക്ടോബർ 5-ന് ഇരുവിഭാഗവും പങ്കെടുക്കുന്ന യോഗം തീരുമാനിച്ചിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
Tag: Case filed against 25 people identified in encroachment attempt against MLA K. P. Mohanan